വഡോദര: ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പക്വതയാർന്ന പ്രതികരണവുമായി ഇന്ത്യൻ ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മാൻ ഗിൽ. കഴിഞ്ഞ ഡിസംബർ 20-ന് പ്രഖ്യാപിച്ച ടീമിൽ നിന്ന് ടീം കോമ്പിനേഷൻ എന്ന കാരണം പറഞ്ഞ് ടി-20യിൽ ഫോമിലില്ലാതിരുന്ന ഗില്ലിനെ സെലക്ടർമാർ ഒഴിവാക്കിയിരുന്നു.

“സെലക്ടർമാരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. ഇന്ത്യൻ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്റെ വിധിയിൽ എന്താണോ എഴുതിയിരിക്കുന്നത് അത് എന്നിൽ നിന്ന് ആർക്കും തട്ടിയെടുക്കാനാവില്ല,” ഗിൽ പറഞ്ഞു. 2024 ജൂലൈയ്ക്ക് ശേഷം കളിച്ച 15 ഇന്നിംഗ്സുകളിൽ നിന്ന് 291 റൺസ് മാത്രമാണ് ടി20യിൽ ഗില്ലിന് നേടാനായത്. ഇതും ടീമിൽ നിന്ന് പുറത്താകാൻ ഒരു കാരണമായിരുന്നു.
ടീമിനുള്ളിൽ ഭിന്നതകളുണ്ടെന്ന വാർത്തകളെയും ഗിൽ പാടെ തള്ളിക്കളഞ്ഞു. “ടീമിലെ അന്തരീക്ഷം വളരെ മികച്ചതാണ്. രോഹിത് ഭായിയും വിരാട് ഭായിയും പതിറ്റാണ്ടുകളായി ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നവരാണ്. അവരുടെ സാന്നിധ്യം ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ജോലി എളുപ്പമാക്കുന്നു,” ഗിൽ വ്യക്തമാക്കി. പരമ്പരകൾക്കിടയിലെ ഫോർമാറ്റുകൾ മാറുന്നത് ഉണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ സീനിയർ താരങ്ങളുടെ അനുഭവം വലിയ സഹായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദിന നായകൻ എന്ന നിലയിൽ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഇത് നിർണ്ണായകമായ ഒരു പരീക്ഷണമാണ്. സ്വന്തം മണ്ണിൽ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ തിരിച്ചുവരവ് ഇന്ത്യൻ ബാറ്റിംഗിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയുടെയും ബുംറയുടെയും അഭാവത്തിൽ സിറാജും അർഷ്ദീപും നയിക്കുന്ന ബോളിംഗ് നിരയിലാകും ഗില്ലിന്റെ പ്രതീക്ഷകൾ.
നാളെ ഉച്ചയ്ക്ക് 1.30-ന് വഡോദരയിലെ കോട്ടമ്പിയിലുള്ള ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. വനിതാ ഏകദിനങ്ങൾക്ക് മാത്രം മുൻപ് വേദിയായിട്ടുള്ള ഈ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പുരുഷ രാജ്യാന്തര മത്സരം കൂടിയാണിത്. കെയ്ൻ വില്യംസൺ, മിച്ചൽ സാന്റ്നർ, ടോം ലാതം തുടങ്ങിയ പ്രമുഖരില്ലാതെ എത്തുന്ന ന്യൂസിലൻഡിനെ നയിക്കുന്നത് മൈക്കൽ ബ്രേസ്വെല്ലാണ്. യുവനിരയുമായി എത്തുന്ന കിവികളെ മറികടന്ന് വിജയത്തുടക്കം കുറിക്കാനാകും ഗില്ലും സംഘവും നാളെ ലക്ഷ്യമിടുന്നത്.









