ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയൊരു ആശ്വാസവാർത്ത. പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ഉപനായകൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ പൂർണ്ണ കായികക്ഷമത കൈവരിച്ചതായി ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് പരിശോധനകൾ വിജയിച്ചതോടെയാണ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങാൻ ബിസിസിഐ മെഡിക്കൽ ടീം ഗ്രീൻ സിഗ്നൽ നൽകിയത്.

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യരുടെ തിരിച്ചുവരവിന് വേഗത കൂട്ടിയത്. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ വെറും 53 പന്തിൽ നിന്ന് 82 റൺസ് താരം നേടിയിരുന്നു. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ താരം ശാരീരികമായി എത്രത്തോളം തയ്യാറാണെന്ന് മെഡിക്കൽ ടീം സൂക്ഷ്മമായി പരിശോധിച്ചിരിന്നു. ഈ പരിശോധനകളിൽ മികച്ച ഫലം കണ്ടതോടെയാണ് പരമ്പരയ്ക്ക് മുൻപ് തന്നെ താരത്തിന് ക്ലിയറൻസ് ലഭിച്ചത്. ടീമിലെ വൈസ് ക്യാപ്റ്റൻ എന്ന നിലയിലുള്ള ശ്രേയസ് അയ്യരുടെ മടങ്ങിവരവ് നായകൻ ശുഭ്മാൻ ഗില്ലിനും വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.









