ഷമി വീണ്ടും പുറത്ത്; അഗാർക്കർ പടയ്ക്ക് വിമർശനശരങ്ങൾ

Rishad

Agarkar

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഷമിയെ ഒഴിവാക്കിയ അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം വലിയ വിമർശനങ്ങൾ നേരിടുന്നു. സ്‌മാറ്റിലും വിജയ് ഹസാരെ ട്രോഫിയിലും ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷമിയോട് കാണിച്ചത് “അനീതി”യും “നാണംകെട്ട” തീരുമാനവുമാണെന്നാണ് പരിശീലകരും മുൻ താരങ്ങളും ആരോപിക്കുന്നത്.

Shami

ഷമിയുടെ പേഴ്സണൽ കോച്ച് ബദറുദ്ദീൻ സിദ്ദിഖി, സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഒരു കളിക്കാരൻ ഇനി എന്താണ് ചെയ്യേണ്ടത്? എത്ര വിക്കറ്റുകൾ കൂടി വീഴ്ത്തണം? ഷമിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ടീമിന് വേണ്ടി ചെയ്യാൻ കഴിയും” എന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ കോച്ച് ലക്ഷ്മി രത്തൻ ശുക്ലയും ഈ തീരുമാനത്തെ അപലപിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഇത്രയേറെ അർപ്പണബോധത്തോടെ കളിച്ച മറ്റൊരു താരം അടുത്ത കാലത്തില്ലെന്നും ഷമിയോട് കാണിച്ചത് വലിയ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയ ഷമി ഈ സീസണിൽ വിവിധ ഫോർമാറ്റുകളിലായി ഏകദേശം 200 ഓവറോളം പന്തെറിഞ്ഞ് തന്റെ ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും മുൻനിര ബൗളർ ബുമ്രയുടെ അഭാവത്തിൽ യുവതാരങ്ങളായ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരെയാണ് അഗാർക്കർ നയിക്കുന്ന കമ്മിറ്റി ടീമിലേക്ക് തിരഞ്ഞെടുത്തത്.

മുൻ താരം ഇർഫാൻ പത്താനും സെലക്ടർമാരുടെ യുക്തിയെ ചോദ്യം ചെയ്തു. 450-ലധികം അന്താരാഷ്ട്ര വിക്കറ്റുകളുള്ള ഒരു താരത്തെ ഇന്നലെ വന്ന ഒരാളോടെന്ന പോലെ പെരുമാറരുതെന്ന് പത്താൻ പറഞ്ഞു. “ഷമിയുടെ ഫിറ്റ്‌നസ് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു, ഇനി എന്ത് പുരോഗതിയാണ് വേണ്ടതെന്ന് അഗാർക്കർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിക്ക് മാത്രമേ അറിയാവൂ” എന്ന് അദ്ദേഹം തുറന്നടിച്ചു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി എല്ലാവരുടെയും വായടപ്പിക്കാൻ അദ്ദേഹം ഷമിയെ ഉപദേശിക്കുകയും ചെയ്തു.