ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം യുവരാജ് സിങ്ങും മലയാളി താരം സഞ്ജു സാംസണും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും വരാനിരിക്കുന്ന ടി-20 ലോകകപ്പിനും മുന്നോടിയായി സഞ്ജു യുവരാജ് സിങ്ങിന്റെ പക്കൽ നിന്നും ഉപദേശങ്ങൾ തേടുന്നത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

യുവതാരങ്ങളെ മെന്റർ ചെയ്ത് അവരുടെ കരിയർ മാറ്റിമറിക്കുന്നതിൽ യുവരാജ് സിങ് വലിയ പങ്കാണ് വഹിക്കുന്നത്. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, പ്രഭ്സിമ്രാൻ സിങ് എന്നിവരെല്ലാം ഇത്തരത്തിൽ യുവരാജിന്റെ ശിക്ഷണത്തിൽ കരുത്താർജ്ജിച്ചവരാണ്. സഞ്ജുവും യുവിക്കൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ, സഞ്ജുവും യുവരാജിന്റെ മെന്ററിംഗ് ലിസ്റ്റിലെ പുതിയ അംഗമായോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

സഞ്ജുവിന്റെ ബാറ്റിംഗിലെ പ്രധാന വെല്ലുവിളിയായ സ്ഥിരതയില്ലായ്മ പരിഹരിക്കാൻ യുവരാജിന്റെ നിർദ്ദേശങ്ങൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രീസിലെ ചലനങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും സഞ്ജുവിനെ കൂടുതൽ അപകടകാരിയാക്കി മാറ്റും. അതോടൊപ്പം തന്നെ സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ബാറ്റ് ചെയ്യാൻ യുവരാജിനെപ്പോലൊരു ഇതിഹാസത്തിന്റെ ഉപദേശങ്ങൾ സഞ്ജുവിന് വലിയ കരുത്താകുമെന്നും പറയപ്പെടുന്നു.
യുവരാജിന് ശേഷം ഇത്രയും അനായാസമായി സിക്സറുകൾ നേടാൻ കഴിയുന്ന താരം സഞ്ജുവാണെന്ന് മുൻപ് സഞ്ജയ് ബംഗാർ നിരീക്ഷിച്ചിരുന്നു. ഈ ആക്രമണ ശൈലിക്ക് കൃത്യതയും കൂടുതൽ മൂർച്ചയും നൽകാനാണ് യുവരാജ് ശ്രമിക്കുന്നത്. ഔദ്യോഗികമായി ഒരു മെന്റർഷിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, യുവരാജിനെപ്പോലൊരു ഇതിഹാസതാരം നൽകുന്ന പിന്തുണ സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയതാരത്തിന് വലിയ കരുത്താണ് നൽകുന്നത്. ഈ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിന്റെ പുതിയ ഇന്നിംഗ്സിന് തുടക്കമിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.









