ഇംഗ്ലണ്ടിനെ രക്ഷിച്ച് സാം കറന്‍, അവസാന വിക്കറ്റായി മടക്കം

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് സാം കറന്‍. അവസാന വിക്കറ്റായി കറന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 246 റണ്‍സാണ് 76.4 ഓവറില്‍ നിന്ന് നേടിയത്. 78 റണ്‍സ് നേടിയാണ് സാം കറന്റെ മടക്കം. 86/6 എന്ന നിലയില്‍ മോയിന്‍ അലിയുമായി ഒത്തുചേര്‍ന്ന കറന്‍ ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.

വാലറ്റത്തോടൊപ്പം പടപൊരുതി ഇംഗ്ലണ്ടിനെ 246 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക് താരം എത്തിച്ചതോടെ മത്സരത്തില്‍ ഇംഗ്ലണ്ടിനും പ്രതീക്ഷ കൈവന്നിരിക്കുകയാണ്. മോയിന്‍ അലി 40 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ക്കൊപ്പം സ്റ്റുവര്‍ട് ബ്രോഡും(17) നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഒന്നാം ദിവസം കളി അവസാനിക്കമ്പോള്‍ ഇന്ത്യ 19/0 എന്ന നിലയിലാണ്. ലോകേഷ് രാഹുല്‍ 11 റണ്‍സും ശിഖര്‍ ധവാന്‍ 3 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുന്നു.

Exit mobile version