പനാജി: ഇന്ത്യൻ ക്രിക്കറ്റിലെ റൺ മെഷീൻ റുതുരാജ് ഗെയ്‌ക്‌വാദ് ലിസ്റ്റ് എ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതുന്നു. ഇന്ന് ഗോവയ്‌ക്കെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പുറത്താകാതെ 134 റൺസ് നേടിയതോടെ, ലോക ക്രിക്കറ്റിൽ ലിസ്റ്റ് എ ഫോർമാറ്റിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയുള്ള താരമെന്ന റെക്കോർഡ് റുതുരാജ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവന്റെ (57.86) ദീർഘകാലത്തെ റെക്കോർഡാണ് റുതുരാജ് തകർത്തത്. 95 മത്സരങ്ങളിൽ നിന്ന് 58.83 എന്ന അമ്പരപ്പിക്കുന്ന ശരാശരിയാണ് ഇപ്പോൾ താരത്തിനുള്ളത്.

വിജയ് ഹസാരെ ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡിനൊപ്പം റുതുരാജ് ഇന്ന് എത്തിച്ചേർന്നു. തന്റെ കരിയറിലെ 20-ാം ലിസ്റ്റ് എ സെഞ്ച്വറി കുറിച്ച താരം വെറും 95 ഇന്നിംഗ്‌സുകളിൽ നിന്നാണ് 5000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതും ഒരു റെക്കോർഡാണ്.
എന്നാൽ അവിശ്വസനീയമായ ഫോമും റെക്കോർഡുകളും കൂടെയുണ്ടായിട്ടും റുതുരാജ് ഗെയ്‌ക്‌വാദ് നേരിടുന്ന അവഗണന ഇന്ത്യൻ ക്രിക്കറ്റിലെ വലിയ ചർച്ചാവിഷയമാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ സച്ചിനെയും കോലിയെയും പോലും പിന്നിലാക്കുന്ന കണക്കുകൾ ഉണ്ടായിട്ടും നിലവിലെ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാൻ റുതുരാജിന് കഴിഞ്ഞിട്ടില്ല. ഓരോ തവണ ടീമിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറികളിലൂടെ മറുപടി നൽകുന്നതാണ് റുതുരാജിന്റെ ശൈലി. തിലക് വർമ്മയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ടി20 ലോകകപ്പിലേക്കും, വരാനിരിക്കുന്ന ഏകദിന പരമ്പരകളിലേക്കും റുതുരാജിനെ ഇനിയും ഏറെക്കാലം അവഗണിക്കാൻ സെലക്ടർമാർക്ക് കഴിയില്ലെന്നതാണ് യാഥാർഥ്യം.









