സന്തോഷ് ട്രോഫി ടീമിന്റെ ദുരന്തത്തിന് പിന്നില്‍ എസ്ബിഐ-കെഎഫ്എ ലോബിയെന്ന് 

tpjalal

Download the Fanport app now!
Appstore Badge
Google Play Badge 1

ടി പി ജലാല്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ 2017ലെപ്പോലെ ഇത്തവണയും  എസ്ബിഐ-കെഎഫ്എ  നടത്തിയ പക്ഷപാതിത്വം നിറഞ്ഞ ടീം സെലക്ഷനാണ് കേരളത്തിന് ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയൊരുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 2016ലും 2017ലും സമാന  രീതിയില്‍ സെലക്ഷന്‍ നടത്തിയത് വിവാദമായിരുന്നെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ പിടിപാടുള്ളവര്‍ ഇത്തവണയും തയ്യാറായില്ല.   

സെലക്ഷനിലെ പക വിവിധ ജില്ലകളോടുള്ള പകപോക്കലുകളും ടീമിന്റെ ദുരന്തം ആരംഭിച്ചതെന്നാണ് കായിക നീരീക്ഷകരുടെ കണ്ടെത്തല്‍. സീനിയര്‍ ഡിസ്ട്രിക്  താരങ്ങളെ തഴഞ്ഞാണ് ബാങ്ക് ടീമില്‍ നിന്നും നിലവാരമില്ലാത്തവരെ  ടീമിലെടുത്തതാണ് പരാതിക്കടിസ്ഥാനമായിട്ടുള്ളത്.   ഇത്തരം വളഞ്ഞ വഴിക്ക് കെഎഫ്എയുടെ പിന്തുണയും സെലക്ടര്‍മാര്‍ക്ക്  ലഭിക്കുന്നുണ്ടെന്നാണ് വിവരം.  തങ്ങളുടെ കൂടുതല്‍ താരങ്ങളെ കേരള ടീമിലെടുത്താല്‍ ജോലിക്കയറ്റത്തിനും ബാങ്കിന്റെ അനുമോദനവും ലഭിക്കുന്നുണ്ടത്രെ.  


ഇത്തവണ ഏഴു ബാങ്ക് താരങ്ങളെയാണ്  ടീമിലെടുത്തത്.  2017ല്‍ എസ്ബിഐയുടെ എട്ടുപേരെ ടീമിലെടുത്തപ്പോള്‍ കോച്ചിന്   വന്‍ സ്വീകരണമാണ് നല്‍കിയത്.   അന്ന് ഭാഗ്യത്തിനാണ് സെമിഫൈനല്‍വരെ എത്തിയത്. അതു തന്നെ ജോലിയില്ലാത്ത ടീമംഗങ്ങളുടെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രാര്‍ത്ഥനയുമായിരുന്നുവെന്ന ഫുട്‌ബോള്‍ പ്രേമികളുടെ അടക്കം പറച്ചില്‍. എന്നാല്‍ ഇത്തവണത്തെ പ്രാര്‍ത്ഥന ഒരു പക്ഷേ അവഗണിക്കപ്പെട്ട മികച്ച താരങ്ങളുടേതാവാമെന്നും ഇവര്‍ തന്നെ പറയുന്നു. സീനിയര്‍ സ്റ്റേറ്റ് കളിച്ച പലരേയും തഴഞ്ഞാണ് കേരള പ്രീമിയര്‍ ലീഗില്‍ പോലും ചക്ര ശ്വാസം വലിക്കുന്ന ബാങ്ക് ടീമില്‍ നിന്നും കൂടുതല്‍ പേരെ നിലനിര്‍ത്തിയത്.    കെപിഎല്‍ നിര്‍ത്തി വെച്ച്  കൂടുതല്‍ പരിശീലന മത്സരം നടത്താതെ തട്ടിക്കൂട്ട്  ടീമാണുണ്ടാക്കിയത്. 

2017ലെ ടീം സെലക്ഷനും ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും സെമിയിലെത്തിയതോടെ വലിയ വിവാദങ്ങളില്ലാതെ കടന്നു പോയി.  അന്ന്  കഷ്ടിച്ചാണ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് നടന്ന പ്രാഥമിക മത്സരങ്ങളില്‍ ആന്ധ്രയോടും പോണ്ടിച്ചേരിയോടും വിജയിച്ചു. കര്‍ണാടകയുമായി സമനിലയിലൂടെ കഷ്ടിച്ച്  യോഗ്യത നേടിയ ശേഷം ടീം മികച്ച കളി കാഴ്ച വെച്ചുവെന്നായിരുന്നു കോച്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ ദുര്‍ബല ടീമുകള്‍ക്കെതിരെയല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കളി കണ്ടില്ലെന്ന് പറഞ്ഞ് കോച്ച് രോഷത്തോടെ കളം വിട്ടത് വിവാദമായിരുന്നു. ശേഷം രോഷം കളിക്കാരുടെ മേല്‍ ചൊരിഞ്ഞ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് തീര്‍ത്തു.  അന്ന് മികച്ച ഫോമിലുണ്ടായിരുന്ന രണ്ട് കോഴിക്കോട് താരങ്ങളെ പുറത്തിരുത്തിയതും വൈ.ക്യാപ്റ്റനെ 10 മിനിറ്റ് മാത്രം കളിപ്പിച്ചതും താരങ്ങളുടെ ഭാവി ഓര്‍ത്താണ്  പ്രതികരിക്കാതിരുന്നതെന്ന് ജില്ലക്കാര്‍ പറയുന്നു. 2017ല്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച ഡിഫന്ററായിരുന്ന താരത്തെ ഗോവയില്‍ ഒരു അപ്രധാന മത്സരത്തിലാണ്  കളിപ്പിച്ചത്. മത്സരത്തില്‍ നിന്നും താരങ്ങളെ തഴയുന്നത് അച്ചടക്ക നടപടിയായി കാണാറുണ്ട്.  എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കളിപ്പിക്കാതിരിക്കുന്നതാണത്രെ കേരള ടീമിലെ അച്ചടക്കം.  അവസരം കൊടുക്കാതെ  ഫോമില്ലെന്ന് പറഞ്ഞ്  തഴയുന്ന രീതി  താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഇവര്‍ക്ക് പരിക്കാണെന്ന് മാധ്യമങ്ങളോട് പറയുക. മത്സരത്തിന് മുമ്പേ ടീമുകള്‍ ദുര്‍ബലരാണെങ്കിലും  ശക്തരാണെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുക്കുക തുടങ്ങിയതാണ് തന്ത്രം.

ഇത്തവണ തെലങ്കാന,പോണ്ടിച്ചേരി,സര്‍വീസസ് ടീമുകളുള്ള ഗ്രൂപ്പ് കടുത്തതാണെന്നായിരുന്നു കാരണമായി പറഞ്ഞത്.  അതേസമയം കിട്ടാവുന്നതില്‍ മികച്ച ടീമാണെന്നാണ് കളിക്ക് പുറപ്പെടും മുമ്പ്  പറയുകയും ചെയ്തു.  എന്നാലിപ്പോള്‍  അധികൃതര്‍  ഉള്‍വലിഞ്ഞിരിക്കുകയാണ്.  1990 കളില്‍ കൂടുതല്‍ കേരള പോലീസ് താരങ്ങളെ ടീമിലെടുത്തത് വിവാദമായിരുന്നുവെങ്കിലും അന്ന് മികച്ച ഫോമിലുള്ള പോലീസ് താരങ്ങളെ ആര്‍ക്കും മറക്കാനാവില്ല.  എന്നാല്‍ മുന്‍ കോച്ച് നജീബിന്റെ നല്ല നാളുകള്‍ക്ക് ശേഷം എസ്ബിഐയുടെ പേര് മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളു. ഇപ്പോള്‍ കെപിഎലില്‍ പോലും നിലവാരമില്ലാത്ത ഈ ടീമില്‍ നിന്നാണ് താരങ്ങളെ തിരുകിക്കയറ്റുന്നത്.   

കേരള ടീം മാത്രമാണ് സന്തോഷ് ട്രോഫിയെ വളരെ ഗൗരമായി കാണുന്നത്. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ വള്ളിക്കെട്ടുകളില്‍ തപ്പിത്തടയുന്നതാണ് പതിവ്.  മുമ്പ് മറ്റു സംസ്ഥാനത്തുള്ള മലയാളികളെ പോലും സ്വാധീനമുപയോഗിച്ച് ടീമിലെത്തിച്ചിരുന്നു. എന്നാലിന്ന് ഐലീഗ് താരങ്ങള്‍ക്ക് അവസരമില്ലെന്നിരിക്കെ അന്തര്‍ ജില്ലാ താരങ്ങളെപ്പോലും എടുക്കാന്‍  കെഎഫ്എയുടെ സെലക്ഷന്‍ കമ്മിറ്റി തയ്യറായില്ല. ഇത്തവണ ഒന്നും രണ്ടും  ടോപ് സ്‌കോറര്‍മാര്‍ക്കോ, മികച്ച ഫോര്‍വേര്‍ഡിനൊ ടീമിലിടം കിട്ടാത്തത് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഊഹിക്കാവുന്നതാണ്. ചുരുക്കത്തില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഡിപാര്‍ട്ട്‌മെന്റ് കളിക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ഇതിന് വ്യത്യാസമായി ടീമിനെ തിരഞ്ഞെടുത്തത്. ഇതിന്റെ പ്രതിഫലനം ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്.     

ടീം സെലക്ഷനിലെ പക്ഷപാതിത്വം മൂലം താരങ്ങളുടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തുടരുകയാണ്.   കേരള താരങ്ങളുടെ വരവ്  തെലങ്കാന, പോണ്ടിച്ചേരി, കര്‍ണാടക,തമിഴ്‌നാട്,പഞ്ചാബ്,സര്‍വീസസ്, ദാമന്‍ ദ്യുടീമുകള്‍ക്ക്  ഊര്‍ജ്ജസ്വലത കൈവന്നിട്ടുണ്ട്.  2012 മുതല്‍ മലയാളി താരങ്ങള്‍ ടീമിലെത്തുന്നത് കരുത്തായെന്ന് പ്രബലരായ സര്‍വീസസ് കോച്ച് പോലും സമ്മതിക്കുന്നുണ്ട്.  ഫുട്‌ബോളിനെ ചവിട്ടിയരക്കുന്ന  നാലാം കിട തന്ത്രം പ്രയോഗിക്കുന്നതാണ് പല പ്രമുഖ താരങ്ങളേയും കേരളം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുന്‍ അന്താരാഷ്ട്രാ താരം പറഞ്ഞു.