സിഡ്‌നി: വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ആരാധകർക്ക് ആശ്വാസവാർത്തയുമായി നായകൻ പാറ്റ് കമ്മിൻസ്. പരിക്കിനെത്തുടർന്ന് ഈ ആഷസ് പരമ്പരയിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായെങ്കിലും, ലോകകപ്പിന് മുൻപ് താൻ പൂർണ്ണ കായികക്ഷമത കൈവരിക്കുമെന്ന് കമ്മിൻസ് വ്യക്തമാക്കി. സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കവെയാണ് താരം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സ് തുറന്നത്.

കഴിഞ്ഞ ആഴ്ച നടത്തിയ സ്കാനിംഗ് ഫലങ്ങൾ പോസിറ്റീവ് ആണെന്നും മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശപ്രകാരം കൃത്യമായ വിശ്രമത്തിലാണെന്നും കമ്മിൻസ് പറഞ്ഞു. “അടുത്ത ആഴ്ച മുതൽ ഞാൻ ബൗളിംഗ് പരിശീലനം പുനരാരംഭിക്കും. ലോകകപ്പിന് മുൻപ് പൂർണ്ണ സജ്ജനാകാൻ സാധിക്കുമെന്നാണ് വിശ്വാസം. മെഡിക്കൽ സ്റ്റാഫും പരിശീലകരും നൽകുന്ന പിന്തുണ അതിശയിപ്പിക്കുന്നതാണ്,” കമ്മിൻസ് കൂട്ടിച്ചേർത്തു.
ആഷസ് പരമ്പരയുടെ വിധി നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടതിനാലാണ് അവസാന ടെസ്റ്റുകളിൽ നിന്ന് വിട്ടുനിന്നതെന്നും കമ്മിൻസ് വെളിപ്പെടുത്തി. പരമ്പരയുടെ ഫലം നിർണ്ണായകമായിരുന്നുവെങ്കിൽ തീർച്ചയായും താൻ കളിക്കളത്തിൽ ഇറങ്ങുമായിരുന്നുവെന്നും താരം പറഞ്ഞു.അഡലെയ്ഡിൽ നടന്ന മത്സരത്തിൽ മാത്രമാണ് ഈ ആഷസ് പരമ്പരയിൽ കമ്മിൻസിന് കളിക്കാൻ സാധിച്ചത്. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് മുന്നിൽ നിൽക്കെ അനാവശ്യ റിസ്ക് എടുക്കേണ്ടതില്ലെന്ന ബോർഡ് തീരുമാനത്തോടൊപ്പം നിലയുറച്ചാണ് താരം മത്സരങ്ങളിൽ നിന്ന് വിട്ടു നിന്ന് ചികിത്സ തേടിയത്.









