റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന് ഒരിക്കൽ കൂടെ അടിവരയിടുന്ന പ്രകടനമായിരുന്നു സ്പാനിഷ് താരത്തിന്റേത്. വമ്പൻ അട്ടിമറികളിലൂടെ ഫൈനലിൽ ഇടം പിടിച്ച ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാൽ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-6.
കളിയുടെ അവസാന സമയങ്ങളിൽ സ്റ്റെഫാനോസ് ശക്തമായ വെല്ലുവിളി ഉയർത്തുകയും സെറ്റ് സ്വന്തമാക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും, പോരാട്ടവീര്യവും മത്സരം രണ്ട് സെറ്റിൽ അവസാനിപ്പിച്ചു എന്നുവേണം പറയാൻ. നദാലിന്റെ 80മത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വർഷാവസാനവും നദാൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വർദ്ധിച്ചു.
വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് അമേരിക്കൻ താരമായ സ്റ്റീഫൻസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സിമോണ നേടിയപ്പോൾ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സ്റ്റീഫൻസ് 6-3 സ്വന്തമാക്കിയതോടെ മത്സരം നിർണ്ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഒന്നാം നമ്പർ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയൻ താരം 6-4 എന്ന സ്കോറിന് കിരീടം സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial