മുംബൈ: വുമൺസ് പ്രീമിയർ ലീഗിന്റെ (WPL) ഉദ്ഘാടന മത്സരത്തിൽ കയ്യരികത്തെത്തിയ വിജയം അവസാന നിമിഷം കൈവിട്ടതിന്റെ നിരാശയിലാണ് മുംബൈ ഇന്ത്യൻസ്. ആർസിബിക്കെതിരായ മത്സരത്തിൽ നദീൻ ഡി ക്ലർക്കിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ അടിപതറിയ മുംബൈ, ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച് വിജയവഴിയിലെത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്നലെ ബാറ്റിംഗ് തകർച്ച നേരിട്ട മുംബൈയെ മലയാളി താരം സജീവൻ സജനയുടെ തകർപ്പൻ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എന്നാൽ ഡെത്ത് ഓവറുകളിൽ പന്തടക്കം നഷ്ടപ്പെട്ടതും നിർണ്ണായക ഘട്ടത്തിൽ ഫീൽഡിംഗിൽ വരുത്തിയ പിഴവുകളും ടീമിന് തിരിച്ചടിയായി മാറി. അവസാന ഓവറിൽ ഒരു നല്ല പന്ത് കൂടി കൃത്യമായി എറിയാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് തോൽവിക്ക് ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പ്രതികരിച്ചത്. ഈ പിഴവുകളെല്ലാം പരിഹരിക്കുക എന്ന ദൗത്യമാണ് ഇന്ന് ഡൽഹിക്കെതിരെ ടീമിനുള്ളത്. ബൗളിംഗ് നിരയിൽ കൂടുതൽ കൃത്യത കൊണ്ടുവരാൻ ഹർമൻപ്രീത് ശ്രമിക്കും. തോൽവിയെക്കുറിച്ച് ആലോചിച്ച് ഇരിക്കാൻ സമയമില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ക്യാപ്റ്റൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മറുവശത്ത് കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഡൽഹി ക്യാപിറ്റൽസ് വരുന്നത്. ഓപ്പണിങ്ങിൽ ഷഫാലി വർമ്മയും ലോറ വോൾവാർട്ടും, മധ്യനിരയിൽ ജെമിമ റോഡ്രിഗസ് പിന്നെ വിക്കറ്റ് കീപ്പർ ബാറ്റർ താനിയ ഭാട്ടിയ തിരിച്ചെത്തുന്നതും ഡൽഹിക്ക് കൂടുതൽ കരുത്തേകും. മലയാളി താരം മിന്നു മണിയും സ്നേഹ് റാണയും ഉൾപ്പെടുന്ന ബൗളിംഗ് നിരയും മുംബൈയ്ക്ക് വെല്ലുവിളിയായേക്കും.









