ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനോട് സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എലാൻഡ് റോഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കിട്ടു. ലീഡ്‌സിന്റെ നിലവിലെ മികച്ച ഫോം പരിഗണിക്കുമ്പോൾ അവരുടെ ഹോം ഗ്രൗണ്ടിൽ നിന്ന് ലഭിച്ച ഈ ഒരു പോയിന്റിൽ റൂബൻ അമോറിമിനും സംഘത്തിനും ആശ്വസിക്കാം.

ആദ്യ പകുതിയിൽ ഇരു ടീമുകളും താളം കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടില്ല. വിരസമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. പ്രതിരോധ താരം ഹെവനെ മറികടന്ന് ബ്രണ്ടൻ ആരോൺസൺ ലീഡ്‌സിന് ലീഡ് സമ്മാനിച്ചു. എലാൻഡ് റോഡിനെ ആവേശത്തിലാഴ്ത്തിയ ഈ ഗോളിന് പക്ഷേ മൂന്ന് മിനിറ്റത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

65-ാം മിനിറ്റിൽ കുഞ്ഞ്യയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില പിടിച്ചു. ജോഷ്വ സിർക്സിയുടെ പാസിൽ നിന്നായിരുന്നു കുഞ്ഞ്യയുടെ ക്ലിനിക്കൽ ഫിനിഷ്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും ജയത്തിനായി ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
ഈ സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. നാലാം സ്ഥാനത്തുള്ള ലിവർപൂളുമായി ഇപ്പോൾ രണ്ട് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. 22 പോയിന്റുള്ള ലീഡ്‌സ് പട്ടികയിൽ പതിനാറാം സ്ഥാനത്താണ്.









