ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്രേവൻ കോട്ടേജിൽ നടന്നത് ഒരു തകർപ്പൻ ത്രില്ലർ! അവസാന നിമിഷങ്ങളിൽ ഗോളുകൾ മാറിമറിഞ്ഞപ്പോൾ 2-2 എന്ന നിലയിൽ മത്സരം അവസാനിപ്പിച്ച് ഫുൾഹാം അർഹിച്ച പോയിന്റ് നേടിയെടുത്തു.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ മുൻ ലിവർപൂൾ താരം ഹാരി വിൽസൺ ലിവർപൂളിനെ ഞെട്ടിച്ചു. റൗൾ ജിമെനെസിന്റെ പാസിൽ നിന്ന് വിൽസൺ ഉതിർത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിന്റെ താഴെ വലതുമൂലയിലേക്ക് തുളച്ചുകയറി. വാർ പരിശോധനയ്ക്ക് ശേഷം അനുവദിച്ച ഈ ഗോളിലൂടെ ഫുൾഹാം മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ബ്രാഡ്‌ലിയുടെ അസിസ്റ്റിൽ നിന്ന് ഫ്ലോറിയൻ വിർട്‌സ് ഗോളിലൂടെ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചെത്തി. ഈ ഗോളും വാർ റിവ്യൂവിന് ശേഷമാണ് സ്കോർ ബോർഡിൽ ഇടംപിടിച്ചത്.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെയാണ് കഥയാകെ മാറിയത്. ജെറമി ഫ്രിമ്പോങ്ങിന്റെ പാസിൽ നിന്ന് കോഡി ഗാക്പോ വലകുലുക്കിയതോടെ എവേ സ്റ്റാൻഡ് ഇളകിമറിഞ്ഞു. ആവേശകരമായ ഗോളാഘോഷത്തിനിടെ ജേഴ്സി ഊരിയതിന് ഗാക്പോയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. സ്‌കോർ 1-2 എന്നാൽ വിട്ടുകൊടുക്കാൻ ഫുൾഹാം തയ്യാറായിരുന്നില്ല. 97-ാം മിനിറ്റിൽ ഒരു തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഹാരിസൺ റീഡ്, ബോക്സിന് 20 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട പോലെയുള്ള ഷോട്ട് അലിസണെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. സ്‌കോർ 2-2!
പരിക്കേറ്റ ഇസാക്, എകിറ്റികെ എന്നിവരുടെ അഭാവത്തിൽ ഫിനിഷിംഗിലെ പോരായ്മകളും പ്രതിരോധത്തിലെ പിഴവുകളും ലിവർപൂളിനെ വീണ്ടും വേട്ടയാടുന്ന കാഴ്ചയാണ് ഇന്ന് മത്സരത്തിൽ കണ്ടത്. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 33 പോയിന്റോടെ ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുന്നു.









