ലിയാം റോസീനിയർ യുഗത്തിന് തകർപ്പൻ തുടക്കം; ചാർൾട്ടണെ ഗോൾമഴയിൽ മുക്കി ചെൽസി (5-1)

Rishad

Liam Rosenior, Chelsea

ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ലിയാം റോസീനിയർക്ക് സ്വപ്നതുല്യമായ തുടക്കം. എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ ചാർൾട്ടൺ അത്‌ലറ്റിക്കിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ടാണ് റോസീനിയർ തന്റെ വരവറിയിച്ചത്. എൻസോ മരെസ്കയ്ക്ക് പകരക്കാരനായി സ്ട്രാസ്ബർഗിൽ നിന്നെത്തിയ 41-കാരനായ പരിശീലകന് കീഴിൽ ആധികാരികമായ പ്രകടനമാണ് ‘നീലപ്പട’ പുറത്തെടുത്തത്.

Chelsea

ചെൽസിയുടെ സമീപകാല പരിശീലക ചരിത്രത്തിൽ അപൂർവ്വമായ ഒരു നേട്ടവും റോസീനിയർ ഈ വിജയത്തിലൂടെ സ്വന്തമാക്കി. 2016-ൽ അന്റോണിയോ കോണ്ടെയ്ക്ക് ശേഷം തന്റെ അരങ്ങേറ്റ മത്സരത്തിൽ വിജയിക്കുന്ന ആദ്യ സ്ഥിരം ചെൽസി പരിശീലകനായി അദ്ദേഹം മാറി. ഇതിനിടയിൽ ടീമിനെ പരിശീലിപ്പിച്ച തോമസ് ടച്ചെൽ, മൗറീഷ്യോ പോച്ചെട്ടിനോ, ഗ്രഹാം പോട്ടർ തുടങ്ങിയ വമ്പൻമാർക്കൊന്നും അരങ്ങേറ്റത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

ചെൽസിക്കായി അഞ്ച് വ്യത്യസ്ത താരങ്ങളാണ് ഗോളുകൾ നേടിയത്. ജോറെൽ ഹാറ്റോ, ടോസിൻ അദരാബിയോയോ, മാർക്ക് ഗിയു, പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ് എന്നിവർ വലകുലുക്കി. യുവതാരം മാർക്ക് ഗിയുവിന്റെ പ്രകടനം മത്സരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

“മികച്ച നിലവാരമുള്ള താരങ്ങളാണ് എന്റെ ടീമിലുള്ളത്. ഇതൊരു ശക്തമായ തുടക്കമാണ്. വളരെ പ്രൊഫഷണലായ സമീപനമാണ് താരങ്ങൾ കാണിച്ചത്. എന്നാൽ ഇത് തുടക്കം മാത്രമാണ്, കൂടുതൽ വലിയ വെല്ലുവിളികൾ വരാനിരിക്കുന്നു.”

ആദ്യ മത്സരത്തിലെ വിജയം റോസീനിയർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ. ബുധനാഴ്ച നടക്കുന്ന ലീഗ് കപ്പ് സെമി ഫൈനൽ ആദ്യ പാദത്തിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമതുള്ള ആഴ്സനലിനെയാണ് ചെൽസിക്ക് നേരിടാനുള്ളത്.