സഞ്ജു പൂജ്യത്തിനു പുറത്ത്, കേരളത്തിനു 89 റണ്‍സ് തോല്‍വി

തിമ്മപ്പയ്യ ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ 89 റണ്‍സ് തോല്‍വിയേറ്റു വാങ്ങി കേരളം. ആദ്യ ഇന്നിംഗ്സില്‍ 67 റണ്‍സ് ലീഡ് വഴങ്ങി 309 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ചത്തീസ്ഗഢിനെ പ്രതിരോധത്തിലാക്കിയിരുന്നു. 211/9 എന്ന നിലയില്‍ ചത്തീസ്ഗഢ് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് കേരളത്തിനു 279 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയെങ്കിലും കേരളം 189 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

86/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ചത്തീസ്ഗഢിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഷക്കീബ് അഹമ്മദും(32) അശുതോഷ് സിംഗ്(41) നിര്‍ണ്ണായക റണ്ണുകളുമായി ടീമിന്റെ സ്കോര്‍ 200 കടത്തി. ഷക്കീബ് പുറത്തായ ഉടനെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ ചത്തീസ്ഗഢ് തീരുമാനിക്കുകയായിരുന്നു. കേരളത്തിനായി അക്ഷയ് കെസി, അക്ഷയ് ചന്ദ്രന്‍, ആസിഫ് കെഎം എന്നിവര്‍ രണ്ടും സന്ദീപ് വാര്യര്‍, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

279 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ 71 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. സല്‍മാന്‍ നിസാര്‍ 48 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5 വിക്കറ്റ് നേടിയ അജയ് മണ്ടല്‍ ആണ് കേരളത്തിന്റെ നടുവൊടിച്ചത്. സുമിത് റൂയിക്കര്‍ മൂന്നും ഷക്കീബ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version