അനൗദ്യോഗികമായി അൻപതിനായിരത്തിലധികം വരുന്ന കാണികളുടെ ഇടനെഞ്ച് തകർത്ത്, കൊമ്പന്മാരുടെ പ്രതിരോധനിര നിസ്സഹായരായി ഓടി കിതക്കെ ദിമിത്രി പെട്രോട്ടോസ് തന്റെ ഹാട്രിക്ക് തികയ്ക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ സീസണിലെ രണ്ടാം മത്സരത്തിൽ തകർന്നടിഞ്ഞിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊമ്പന്മാരെ വംഗ ദേശത്തെ പോരാളികൾ തളച്ചത്.
അധിക സമയത്തിന് ശേഷം കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ റഫറി വിസിൽ മുഴക്കുമ്പോൾ മഞ്ഞപുതച്ച സ്റ്റാന്റുകൾ പൂർണ്ണ നിശബ്ദതയിലായിരുന്നു. പതുക്കെ പതുക്കെ ഗാലറികളിൽ നിന്ന് ആ മഞ്ഞനിറം പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു. ആ തോൽവി ആരാധകർക്ക് കനത്ത ഒരു അടിയായിരുന്നു. കാരണം, ടീമിന്റെ ഫോം വെച്ച് അവർ തീർച്ചയായും പ്രതീക്ഷിച്ചത് തങ്ങളുടെ ചിരവൈരികൾക്ക് എതിരായ ഒരു വിജയം തന്നെയായിരുന്നു.
മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ ആരംഭിച്ചത്. വംഗ ദേശത്ത് നിന്ന് തന്നെ വന്ന മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത്. ടീമിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ ഇവാൻ കലൂഷ്നി എന്ന പുത്തൻ താരോദയത്തിനും കലൂർ സ്റ്റേഡിയം ആ മത്സരത്തിൽ സാക്ഷിയായി.
എടികെ മോഹൻബഗാൻ ആകട്ടെ ഡ്യുറണ്ട് കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ നിന്നും എഎഫ്‌സി കപ്പിൽ ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായി. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒൻപതിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുമായി തോൽവി വഴങ്ങി. എപ്പോൾ വേണെമെങ്കിലും പൊട്ടിതകരാൻ സാധ്യതയുള്ള ഇളകിയാടുന്ന ഒരു കസേരയിലാണ് പരിശീലകൻ ജുവാൻ ഫെറാണ്ടോ ഇരുന്നിരുന്നത്. ആ കസേരയുടെ പൊട്ടിയ ഇടങ്ങളിൽ ആണിയടിച്ച് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിൽ ജുവാന് സാധിച്ചു. കേരളത്തിന്റെ കൊമ്പന്മാർക്ക് കാലിടറിയത് എവിടെയെന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ.
മത്സരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
മുന്നേറ്റ താരം അപ്പോസ്‌റ്റോലിസ് ജിയാനുവിനെ ബെഞ്ചിലേക്ക് മാറ്റി ആദ്യ മത്സരത്തിൽ ഇരട്ടഗോളുകൾ നേടി തിളങ്ങിയ മധ്യനിരതാരം ഇവാൻ കലൂഷ്നിയെ ആക്രമണത്തിന്റെ ചുമതല നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ മൻവീർ സിങ്ങിന് പകരം ലിസ്റ്റൺ കോളാസോ എടികെക്ക് വേണ്ടി ആദ്യ പകുതിയിൽ ഇറങ്ങിയത്.
എടികെ മോഹൻബഗാനുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇരുപത് മിനിറ്റുകൾ ശ്രദ്ധിച്ച ഏതൊരു ഫുട്ബോൾ ആരാധകനും മുന്നിൽ കണ്ടിരിക്കുക മത്സരത്തിൽ ടീമിന്റെ ആധികാരിക വിജയം ആയിരിക്കും. അത്രയധികം ഒഴുക്കുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. വൺ ടച്ച് പാസ്സുകളിലൂടെ മുന്നേറിയ ടീം മോഹൻബഗാന്റെ ബോക്സിൽ കനത്ത ഭീതി സൃഷ്ടിച്ചിരുന്നു. സഹൽ ഒരുക്കിയ അവസരത്തിൽ ഇവാൻ കലൂഷ്നി വിശാൽ കൈത്തിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി.
ആദ്യ 20 മിനിറ്റിന് ശേഷം കളി കൈവിട്ട് പോകാൻ തുടങ്ങി. കൗണ്ടറുകളുമായി മോഹൻ ബഗാൻ കളിയിൽ തിരിച്ചെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പെട്രോട്ടോസിന്റെയും കൗക്കോയുടെയും ഗോളിൽ അവർ ലീഡ് നേടി. രണ്ടാം പകുതിയിയിൽ മത്സരത്തിന്റെ ചരട് കൊൽക്കത്തൻ ക്ലബ്ബിന്റെ കയ്യിൽ ആയിരുന്നു. രണ്ടാം പകുതിയിൽ പെട്രോട്ടോസ് രണ്ടും ലെന്നി റോഡ്രിഗസ് ഒന്നും വീതം ഗോളുകൾ നേടി. കേരളത്തിന് വേണ്ടി രാഹുലും സ്കോർ ചെയ്തു. മത്സരം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എടികെ വിജയിച്ചു.
എവിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് പിഴച്ചത്?
മത്സരത്തിന്റെ ലൈൻ അപ്പ് മുതൽ കേരളത്തിന് പാളിച്ചകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണികളിൽ മുഴുവനായും ഈ സീസണിലെ ആദ്യ മത്സരത്തിലും 4-4-2 എന്ന ശൈലിയിൽ കളിച്ചിരുന്ന ടീമിൽ നിന്ന് മുന്നേറ്റ താരം ജിയാനുവിനെ മാറ്റി മധ്യനിര താരം കളിക്കളത്തിലേക്ക് വന്നപ്പോൾ ടീമിന്റെ ഘടന തന്നെ മാറി. ഒരുപക്ഷെ, ശക്തമായ എടികെയുടെ മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാനുള്ള കോച്ചിന്റെ നീക്കാമായിരുന്നേക്കാം അത്. അത് ടീമിന്റെ കെമിസ്ട്രിയിൽ സാരമായ വിള്ളൽ വരുത്തി.
ആക്രമണം നടക്കുന്ന സമയത്ത് ഖബ്രയോ ജീക്സണോ സെന്റർ ഡിഫെൻസിലേക്ക് ഇറങ്ങി ഒരു ‘ത്രീ അറ്റ് ദി ബാക്ക്’ സൃഷ്ടിക്കുമായിരുന്നു. എന്നാൽ മധ്യനിരയിലേക്ക് പുതിയൊരു താരം കൂടി വന്നപ്പോൾ ജീക്സണും ഖബ്രയും തമ്മിലുള്ള ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി പ്രതിരോധത്തിൽ ലസ്കോവിച്ചും ഹോർമിപാമും മാത്രമായി. എടികെ മോഹൻ ബഗാന്റെ കുന്തമുനകളായ ലിസ്റ്റനെ പോലെയുള്ള വേഗതയേറിയ താരങ്ങൾ ബോക്സിലേക്ക് കടന്നു വന്നപ്പോൾ അവരെ തടയാൻ ഇവർക്ക് സാധിച്ചില്ല.
ജെസ്സലിന് കോച്ച് കൊടുത്ത ഡ്യൂട്ടി ആക്രമണം നടത്തുക എന്നതായിരുന്നു. അതിനാൽ താരം പ്രതിരോധത്തിലേക്ക് തിരിഞ്ഞു നോക്കുക പോലും ഉണ്ടായില്ല. റൈറ്റ് ഫുൾ ബാക്ക് കളിക്കുന്ന ഖബ്ര ആവട്ടെ വേഗത കുറഞ്ഞ ഒരു താരം കൂടിയാണ്. വിങ്ങിൽ ഈ രണ്ടുപേരുടെയും അഭാവം ഹോർമിപാമിനെ പൂർണ്ണമായും എക്സ്പോസ് ചെയ്തു എന്ന് വേണം കരുതാൻ. ഇത്രയും ഗോളുകൾ വഴങ്ങിയതിൽ ടീമിലെ എല്ലാ പ്രതിരോധനിരക്കാർക്കും ഒരേ രീതിയിൽ പങ്കുണ്ട്.
ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ ട്രാൻസിഷൻ സമയത്ത് എതിർ ടീമുകൾ നടത്തുന്ന പ്രത്യാക്രമണങ്ങൾ തടയാൻ കഴിയുന്ന ഒരു പ്രതിരോധനിരയില്ലെങ്കിൽ ടീമിന്റെ ഓരോ ആക്രമണവും എതിർ ടീമിന് അവസരങ്ങൾ ആയിരിക്കും.
മറ്റ് പോരായ്മകൾ
ഇവാൻ കലൂഷ്നി ഒരു ലോകോത്തര താരമാണ്. ഇത്രയും മികച്ച ഒരു സെൻട്രൽ മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്നത് തന്നെ സംശയമാണ്. എന്നാൽ താരത്തെ കളിക്കളത്തിലേക്ക് ഇറക്കുമ്പോൾ ടീമിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടായാൽ അത് മത്സരത്തെ എത്രത്തോളം ബാധിക്കും എന്നത് കഴിഞ്ഞ കളി തന്നെ കാണിച്ചു തന്നതാണ്. താരത്തെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ പ്യുട്ടിയയെ ബെഞ്ചിലേക്ക് മാറ്റേണ്ടതായി വരും. അങ്ങനെയെങ്കിൽ ആക്രമണത്തിൽ നിന്ന് ഒരു വിദേശ താരത്തെ പിൻവലിക്കേണ്ടതായും വരും. അങ്ങനെയെങ്കിൽ ബിദ്യാസാഗറിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജിയാനു കാഴ്ച വെച്ച പ്രകടനം ശരാശരിക്ക് താഴെയാണ്. എന്നാൽ പകരക്കാരനായി ഇറങ്ങുന്ന ബിദ്യാസാഗർ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
സെറ്റ്പീസുകളിൽ ടീം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഫ്രീ കിക്കുകളും കോർണറുകളും കൂടാതെ ക്രോസുകളും പാഴായി പോകുന്ന ഒരു സാഹചര്യം ഉണ്ട്. ആദ്യ മത്സരത്തിലെ പ്രകടനം മാറ്റിനിർത്തിയാൽ അഡ്രിയാൻ ലൂണ തന്റെ പഴയ ഫോമിൽ ഇനിയും ഉയർന്നിട്ടില്ല എന്നൊരു നിരീക്ഷണം ലേഖകന് തോന്നുന്നുണ്ട്. ഒരുപക്ഷേ തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ ഷോക്കിൽ നിന്ന് താരം ഇനി മുക്തമായിട്ടില്ല എന്ന് വേണം കരുതാൻ. കഴിഞ്ഞ സീസണിലെ പോലെ താരത്തിന്റെ ഒരു തിരിച്ചു വരവിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് എക്സ്പോസ് ചെയ്തിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ എതിർ ടീമുകൾ മുംബൈയുടെ ആ പോരായ്മകൾ മനസ്സിലാക്കി തന്ത്രങ്ങൾ മെനയുകയും അവരെ തുടർച്ചയായ തോൽവികളിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളത്തിന്റെ പ്രതിരോധത്തിലെ ദൗർബല്യങ്ങളെ എക്സ്പോസ് ചെയ്തിട്ടുണ്ട്. മറ്റു ടീമുകൾ ഇതു മുതലാക്കി തന്ത്രങ്ങൾ മെനയാതിരിക്കാൻ പരിശീലകാൻ ഇവാൻ വുകുമാനോവിച്ച് ശ്രമിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.