WPL 2026: ജെമിമയ്ക്ക് പുതിയ വേഷം; ആദ്യ അങ്കം മുംബൈയ്‌ക്കെതിരെ!

Rishad

jemi, jemimah rodrigues,wpl

മുംബൈ: വുമൺസ് പ്രീമിയർ ലീഗിന്റെ (WPL) പുതിയ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായികയായി ജെമിമ റോഡ്രിഗസ് ഇന്ന് ആദ്യമായി ടോസിനിറങ്ങും. മൂന്ന് സീസണുകളിൽ ടീമിനെ ഫൈനലിൽ എത്തിച്ചിട്ടും നായിക മെഗ് ലാനിംഗിനെ കൈവിട്ട ഡൽഹി മാനേജ്‌മെന്റിന്റെ നീക്കം ശരിയോ തെറ്റോ എന്ന ചർച്ചകൾക്കിടയിലാണ് ഇന്ന് ജെമിയുടെ നേതൃത്വത്തിൽ മുബൈ ഇന്ത്യൻസിനെ നേരിടുന്നത്.

jemi, jemimah rodrigues,wpl

ഡൽഹി ക്യാപിറ്റൽസ് ലേലത്തിടിൽ കൈവിട്ട മെഗ് ലാനിംഗിനെ യുപി വാര്യേഴ്സ് സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തതോടെ ഡൽഹിയുടെ പരീക്ഷണത്തിന്മേൽ സമ്മർദ്ദം ഏറെയാണ്. എന്നിരുന്നാലും ലാനിംഗിന് പകരക്കാരിയായി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ഓപ്പണർ ലോറ വോൾവാർട്ടിനെ ടീമിലെത്തിച്ച് ഡൽഹി തങ്ങളുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. ഷഫാലി വർമ്മ, മരിസാൻ കാപ്പ്, സ്നേഹ് റാണ, തുടങ്ങിയ വമ്പൻ താരങ്ങളടങ്ങുന്ന ഡൽഹി നിര ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ്. കൂടെ, ഓസ്ട്രേലിയൻ സ്പിന്നർ അലാന കിംഗിനെ ടീമിലെത്തിച്ചതും അവരുടെ ബോളിംഗ് ഡിപ്പാർട്ട്‌മെന്റിന് കൂടുതൽ കരുത്ത് നൽകുന്നു.

Minnu Mani, WPL

ഇന്നത്തെ മത്സരത്തിൽ മലയാളികൾക്ക് ഇരട്ടി മധുരമാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച സജീവൻ സജന ഇന്നും പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്നത് ഉറപ്പാണ്. മറുഭാഗത്ത് ഡൽഹി നിരയിൽ മിന്നു മണി കൂടി ഇടംപിടിച്ചാൽ ഒരു മലയാളി പോരാട്ടത്തിന് ആരാധകർ സാക്ഷ്യം വഹിക്കും. വയനാടിന്റെയും ഇടുക്കിയുടെയും താരങ്ങൾ നേർക്കുനേർ വരുമ്പോൾ അത് കേരള ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാകും.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഹർമൻപ്രീത് കൗറും സംഘവും ഇന്ന് ശക്തമായ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. പരിക്കേറ്റ ഹെയ്‌ലി മാത്യൂസ് തിരിച്ചെത്തുമോ എന്നതാണ് മുംബൈയുടെ പ്രധാന ചോദ്യം. അമില കെർ, ഷബ്നിം ഇസ്മായിൽ എന്നിവരുടെ ബോളിംഗും സജനയുടെ ഫിനിഷിംഗ് മികവും മുംബൈയ്ക്ക് പ്രതീക്ഷ നൽകുന്നു. ലാനിംഗിന്റെ നിഴലിൽ നിന്ന് മാറി സ്വന്തം ശൈലിയിൽ ഡൽഹിയെ വിജയവഴിയിൽ എത്തിക്കാൻ ജെമിമയ്ക്ക് കഴിയുമോ എന്നതും ഇന്നത്തെ മത്സരത്തിൽ അറിയാം.