ISL ഫെബ്രുവരി 14-ന് തുടങ്ങും; വേദികളുടെ വിവരങ്ങൾ തിങ്കളാഴ്ചയ്ക്കകം നൽകാൻ ക്ലബ്ബുകൾക്ക് നിർദ്ദേശം

Rishad

Mansukh Mandaviya, Kalyan, AIFF

സ്പോൺസേഴ്‌സിന്റെ (കൊമേഴ്സ്യൽ പാർട്ണേഴ്സ്) അഭാവം മൂലം അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂർണമെന്റ് നടപടികൾ വേഗത്തിലാക്കാൻ എഐഎഫ്എഫ് ക്ലബ്ബുകൾക്ക് കത്തയച്ചത്. 14 ക്ലബ്ബുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.

ISL

ഹോം-എവേ അടിസ്ഥാനത്തിൽ ആകെ 91 മത്സരങ്ങളാകും ഈ സീസണിൽ ഉണ്ടാവുക. ജനുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപായി വേദികളുടെ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ബ്രോഡ്കാസ്റ്റ് പങ്കാളികളെയും കൊമേഴ്സ്യൽ റൈറ്റ്‌സിനെയും സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ഫെഡറേഷന് സാധിക്കൂ. വേദികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ മത്സരക്രമത്തിന്റെ കരട് രൂപം ക്ലബ്ബുകളുമായി പങ്കുവെക്കും.

ഏകദേശം 24.26 കോടി രൂപ ബജറ്റിലാണ് ഇത്തവണത്തെ ഐഎസ്എൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിൽ 9.77 കോടി രൂപ എഐഎഫ്എഫ് (AIFF ) നേരിട്ട് വഹിക്കും. ബാക്കി തുകയ്ക്കായി ഓരോ ക്ലബ്ബും ഒരു കോടി രൂപ വീതം വിഹിതം നൽകണം. സാമ്പത്തിക ബുദ്ധിമുട്ടുള്ള ക്ലബ്ബുകൾക്ക് ഈ തുക 2026 ജൂൺ വരെ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും എഐഎഫ്എഫ് (AIFF ) വാഗ്ദാനം ചെയ്തിട്ടുണ്ട്.

സീസൺ വൈകി തുടങ്ങുന്നതിനാൽ എഎഫ്‌സി (AFC) ചാമ്പ്യൻസ് ലീഗ് സ്ലോട്ടുകളുമായി ബന്ധപ്പെട്ട ഇളവുകൾക്കായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനുമായി എഐഎഫ്എഫ് ചർച്ചകൾ നടത്തും. ഇതിനായി ക്ലബ്ബുകളുടെ പൂർണ്ണ സഹകരണവും ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.