ലോക്ക്ഡൗണ്‍ കാലത്തായാലും ബുക്കിക്കളെക്കുറിച്ച് ജാഗ്രത പാലിക്കുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കറിയാം

കൊറോണ മൂലം ലോകത്ത് കായിക മത്സരങ്ങള്‍ എല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റും മുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ കളിയില്ലാത്ത സമയത്ത് ക്രിക്കറ്റ് താരങ്ങളെ വാതുവെപ്പുകാര്‍ സമീപിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍ അലക്സ് മാര്‍ഷല്‍ കഴിഞ്ഞ ദിവസം ആശങ്കയുയര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ ശീലമാക്കിയപ്പോള്‍ അത് വഴിയാണ് ഇത്തരം സമീപനങ്ങളെന്നാണ് മാര്‍ഷല്‍ വ്യക്തമാക്കിയത്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമെന്നും പാലിക്കേണ്ട ജാഗ്രതയുടെ ബോധം അവര്‍ക്കുണ്ടെന്നുമാണ് ബിസിസിഐ എസിയു ചീഫ് അജിത് സിംഗ് വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ കാലത്ത് ശമ്പളം വിട്ട് നല്‍കിയ താരങ്ങളെ ബുക്കികള്‍ സമീപക്കുമെന്നാണ് ഭയപ്പെടുന്നതെങ്കിലും ഇത്തരം എന്തെങ്കിലും സാഹചര്യം ഉണ്ടായാല്‍ ുടന്‍ തങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അജിത് സിംഗ് പറഞ്ഞു.

ഇത്തരക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് ഞങ്ങള്‍ താരങ്ങളെ അറിയിച്ചിട്ടുണ്ട്. ആദ്യം ആരാധകരെന്ന രൂപത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം പിന്നീട് കളിക്കാരുടെ ബന്ധുക്കള്‍ വഴി നേരിട്ടുള്ള കണ്ട് മുട്ടലിനുള്ള സാധ്യതകളാണ് ഒരുക്കുവാന്‍ ശ്രമിക്കുന്തെന്ന് ബിസിസിഐ എസിയു ചീഫ് വ്യക്തമാക്കി.

ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നാണ് താര‍ങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ കാലത്തുള്ള താരങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ പ്രവൃത്തികളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും താരങ്ങളുടെ ചോദ്യോത്തര പംക്തികളില്‍ സംശയം തോന്നുന്നവ നിരീക്ഷണത്തിലാണെന്നും ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഇതിന്മേലുള്ള അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Exit mobile version