513 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശ് 272/6 എന്ന നിലയിലാണ് നാലാം ദിനം കളി അവസാനിക്കുമ്പോൾ. മികച്ച തുടക്കം നൽകിയ ഷാന്റോയും സാക്കിർ ഹസനും ആദ്യ വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു. കരുതലോടെ കളിച്ച ഇരുവരും ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരം പോലും നൽകാതെ ശ്രദ്ധാപൂർവം ബാറ്റു വീശി. ഷാന്റോ 67 റൺസ് നേടിയപ്പോൾ, ആദ്യ ടെസ്റ്റ് കളിക്കുന്ന സാക്കിർ സെഞ്ചുറി പൂർത്തിയാക്കി നാലാമനായി പുറത്താകുമ്പോൾ സ്കോർബോർഡിൽ 208 റൺസ് ഉണ്ടായിരിന്നു.
ആദ്യ വിക്കറ്റിനായി ഏറേനേരം വിയർപ്പൊഴുക്കേണ്ടി വന്ന ഇന്ത്യൻ ബൗളർമാർ, പിന്നീട് വന്ന യാസിർ അലിയേയും (5 റൺസ്) ലിറ്റൺ ദാസിനേയും (19 റൺസ്) നിലയുറപ്പിക്കും മുൻപ് തിരിച്ചയച്ച് ആധിപത്യം ഉറപ്പിച്ചു. മുഷ്ഫിഖുർ റഹ്മാനും (23 റൺസ്) കൂട്ടുകെട്ട് പടുത്ത് ഉയർത്താനാവതെ മടങ്ങി.
ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് നേടിയപ്പോൾ, കുൽദീപ് യാദവ്, ആർ ആശ്വിൻ, ഉമേഷ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സിൽ മികച്ച് നിന്ന സിറാജിന് ഇത് വരെ വിക്കറ്റൊന്നും ലഭിച്ചില്ല.
കളി അവസാനിക്കുമ്പോൾ 40 റൺസുമായി ഷാക്കിബ് അൽ ഹസനും,9 റൺസുമായി മെഹദി ഹസനുമാണ് ക്രീസിൽ. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ വിജയം അനിവാര്യമായ ഇന്ത്യ, ആദ്യ സെഷനിൽ തന്നെ നാലു വിക്കറ്റും വീഴ്ത്തി വിജയിക്കാനാവും ശ്രമിക്കുക.