വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്തായ റിഷഭ് പന്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഇഷാൻ കിഷനെ മറികടന്ന് യുവതാരം ധ്രുവ് ജൂറലാണ് ടീമിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനായി തകർപ്പൻ ഫോമിൽ കളിക്കുന്നതാണ് ജൂറലിന് തുണയായത്. താരം ഇതിനകം തന്നെ വഡോദരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി ബിസിസിഐ അറിയിച്ചു.

പന്തിന് പകരക്കാരായി ആരാധകർക്കിടയിൽ സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയ്ക്കും വരാനിരിക്കുന്ന ടി-20 ലോകകപ്പിനുമുള്ള പ്രത്യേക പരിശീലന ക്യാമ്പിലാണ്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ഈ ക്യാമ്പിൽ നിന്ന് അവരെ മാറ്റേണ്ടതില്ലെന്ന സെലക്ടർമാരുടെ തീരുമാനമാണ് ധ്രുവ് ജൂറലിന് വഴിതുറന്നത്.

വഡോദരയിൽ ശനിയാഴ്ച നടന്ന ഓപ്ഷണൽ പരിശീലനത്തിനിടെയാണ് പന്തിന് പരിക്കേറ്റത്. 50 മിനിറ്റോളം ബാറ്റിംഗ് പരിശീലനം നടത്തിയ പന്തിന്റെ വാരിയെല്ലിന് മുകളിലായി പന്ത് ആഞ്ഞടിക്കുകയായിരുന്നു. പരിശോധനയിൽ ‘സൈഡ് സ്ട്രെയിൻ’ കണ്ടെത്തിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് താരം പുറത്തായത്. പന്ത് ഉടൻ തന്നെ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിലേക്ക് റിപ്പോർട്ട് ചെയ്യും.
ഇന്ന് വഡോദരയിൽ തുടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 14-ന് രാജ്‌കോട്ടിലും മൂന്നാം മത്സരം ജനുവരി 18-ന് ഇൻഡോറിലും നടക്കും. പുതിയ വേദിയായ വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.









