ഇന്നലെ ചെന്നൈ ഫാൻസിന് ആഘോഷ രാവായിരുന്നു. ഒന്നു, തല തലപ്പത്തേക്ക് തിരിച്ചു വന്ന്. രണ്ടു, ചെന്നൈ സണ് റൈസേർസ് ഹൈദരാബാദിന് മേൽ ആധികാരികമായ വിജയം നേടി. നല്ല കാര്യം, ലോക ക്രിക്കറ്റിൽ തന്നെ മികച്ച ക്യാപ്റ്റന്മാരുടെ നിരയിൽ മുൻപന്തിയിൽ ഉള്ളയാളാണ് ചെന്നൈയുടെ തല ധോണി.
പക്ഷെ, ധോണി തിരിച്ചു ക്യാപ്റ്റൻ ആയി വന്നത് കൊണ്ട് മാത്രം ചെന്നൈ ജയിക്കുമോ? അങ്ങനൊരു കാരണം നമുക്ക് പറയാൻ പറ്റില്ല. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ സീസണ് ഓർത്തു നോക്കണം. ഇന്നത്തെ വിജയം ധോണിയുടെ ക്യാപ്റ്റൻസിയുടെ ഗുണം കൊണ്ടാണ് എന്നു ആരും പറയില്ല.
ഋതുരാജ് ഗെയ്‌ക്വാദിന്റെ മിന്നും പ്രകടനമാണ് ചെന്നൈക്ക് ഈ വിജയം നേടി കൊടുത്തത്. ഒപ്പം ഒന്നാം വിക്കറ്റിൽ കോണ്വേയോടൊപ്പം ഉയർത്തിയ കൂട്ടുകെട്ടും. ചെന്നൈയുടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ അവർ നേടിയത്.
രണ്ടാമത് ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരവസരത്തിൽ ചെന്നൈയുടെ സ്കോറായ 203 അനായാസം മറികടക്കും എന്ന് തോന്നിയിരുന്നു. എങ്കിലും പവർപ്ലെയിൽ അടുത്തടുത്ത ബോളുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ മുകേഷ് ചൗദരിയാണ് ചെന്നൈക്ക് രക്ഷകനായത്.
ചെന്നൈ ഒട്ടനവധി അവസരങ്ങൾ പാഴാക്കി. ക്യാച്ചുകൾ കൈവിട്ടു, ഫീല്ഡിങ് മോശമായിരുന്നു, പല അവസരങ്ങളിലും ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്ന ധോണി പോലും ക്ഷോഭിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ധോണിയുടെ തിരിച്ചു വരവിൽ ടീമിന് കാര്യമായ ഗുണം ഒന്നും ഉണ്ടായതായി കാണാൻ കഴിഞ്ഞില്ല. ധോണിയുടെ ബാറ്റിങ്ങിലും പ്രതീക്ഷിക്കാവുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടു പോകാൻ സാധിച്ചു എന്നു പറയാൻ കഴിയുന്ന ഒന്നും ഫീൽഡിൽ കണ്ടില്ല. ഒരു കളി കൊണ്ടു ഒരു പ്രകടനത്തെ അളക്കുന്നത് ശരിയല്ലാത്തത് കൊണ്ട് നമുക്ക് കാത്തിരിക്കാം, ഇനിയുള്ള കളികളിൽ തലയുടെ വിളയാട്ടം ചെന്നൈയുടെ തലവര മാറ്റുമോ എന്ന്.