യുവേഫ ചാമ്പ്യൻസ് ലീഗ് എന്നതിനെ യുവേഫ ക്രിസ്റ്റ്യാനോ ലീഗ് എന്നാക്കി മാറ്റണം എന്ന് ആരാധകരെല്ലാവരും തെല്ലൊരു കുസൃതിയോടെയും അതിലുമധികം അഭിമാനത്തോടെയും പറയുന്നത് വെറുതെയല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാക്കാം.. ഫൈനൽ വരെ എത്തിയാലും വെറും 13 കളികൾ മാത്രമുള്ള ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ 17 ഗോളുകൾ നേടി. തീർന്നില്ല, ആ റെക്കോർഡിന് തൊട്ട് പിന്നിൽ 16 ഉം 15 ഉം ഗോളുകൾ നേടി വേറെ രണ്ട് സീസണുകൾ കൂടെ അവസാനിപ്പിച്ച റൊണാൾഡോ ഒരു സീസണിലെ വ്യക്തിഗത ഗോൾ അടിച്ചവരുടെ പട്ടികയിൽ ആദ്യ 3 ൽ തന്റേതല്ലാത്ത ഒരു പേരും ഉൾക്കൊള്ളിക്കാൻ ഇട നൽകുന്നില്ല. 12 ഗോളുകൾ നേടിയ മെസ്സി ആണ് നാലാമൻ എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം റൊണാൾഡോ ആധിപത്യം അതിൽ പ്രകടമാണെന്ന്.
റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എഴുതി തീർക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ റയലിന് നാല് കിരീടങ്ങൾ നേടി കൊടുത്ത രീതി ഇറ്റലിയിലും ആവർത്തിച്ചു യുവന്റസിനെ ജേതാക്കളാക്കാൻ സ്പെയിനിൽ നിന്ന് ചേക്കേറിയ റൊണാൾഡോക്ക് തുടക്കം അത്ര ശുഭകരമല്ലായിരുന്നു. ആദ്യ കളിയിൽ തന്നെ അർഹിക്കാത്ത ഒരു ചുവപ്പ് കാർഡിനെ തുടർന്ന് പുറത്തു പോകേണ്ടി വന്നു.
തുടർനടപടിയായി വന്ന സസ്പെന്ഷനെ തുടർന്ന് അടുത്ത കളി ഗാലറിയിൽ ഇരുന്നു കാണേണ്ടതായും വന്നു. പിന്നീട് തന്നെ താനാക്കിയ യൂണൈറ്റഡിനെതിരെ തിരിച്ചു വന്ന് ഒരു ഗോൾ അടിച്ചെങ്കിലും റയലിന്റെ മിഡ്‌ഫീൽഡ് ഇല്ലാതെ റൊണാൾഡോക്ക് ഗോൾ അടിക്കാൻ കഴിയില്ല എന്നും റൊണാൾഡോയെ ചാമ്പ്യൻസ് ലീഗിലെ താരമാക്കുന്നതിൽ റയലിന്റെ പങ്ക് വലുതാണെന്നും വിമർശനങ്ങൾ വന്നു തുടങ്ങി. കൂടാതെ അദ്ദേഹത്തോടൊപ്പം എന്നും ചേർത്ത് താരതമ്യപ്പെടുത്തുന്ന മറ്റൊരു ഇതിഹാസ താരം മെസ്സി 6 ഗോളുകളുമായി കുതിച്ചതും സ്വന്തം ടീമിലെ തന്നെ യുവതാരം ഡിബാല 5 ഗോളുകളുമായി തിളങ്ങിയപ്പോഴും പഴി റൊണാൾഡോക്കായിരുന്നു. റൗണ്ട് ഓഫ് 16 ൽ അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകത്തിൽ 2 ഗോളിന്റെ കമ്മിയുമായി യുവന്റസിനു മടങ്ങേണ്ടി വന്നതോടെ എല്ലാവരും റൊണാൾഡോയെ തള്ളി പറയാൻ തുടങ്ങി. ഇനി ഒരു തിരിച്ചു വരവ് താരതമ്യേന ശക്‌തമായ പ്രതിരോധ നിരയുള്ള അത്ലറ്റികോക്കെതിരെ യുവന്റസിനു അസാധ്യമാണെന്ന് കാൽപന്ത് വിദഗ്ധർ വരെ വിധിയെഴുതി.
എന്നാൽ അവരെല്ലാം കാർലോസ് ആഞ്ചെലോട്ടി തന്റെ പഴയ ശിഷ്യനെ പറ്റി പറഞ്ഞ വാക്കുകൾ മറന്നു. “റൊണാൾഡോ അപകടകാരിയായ ഒരു കളിക്കാരനാണ്. അതിലും അപകടകാരിയായ ഒരു കളിക്കാരനേയുള്ളു, കഴിഞ്ഞ കളിയിൽ ഗോൾ നേടാനാകാതെ പോയ റൊണാൾഡോ ” എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.. അതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന പ്രകടനമാണ് ഇന്നലെ കണ്ടത്. വാണ്ട മെട്രോപ്പോളിറ്റാനോയിൽ തന്നെ കൂകി വിളിച്ച അത്ലറ്റികോ ആരാധകർക്കും ടീമിന്റെ വിജയത്തിൽ മതി മറന്നാഘോഷിച്ച അത്ലറ്റികോ പരിശീലകൻ സിമിയോണേക്കും മറുപടി റൊണാൾഡോ ഇന്നലെ ട്യൂറിനിൽ കൊടുത്തു. കഴിഞ്ഞ വർഷം കണ്ണഞ്ചിപ്പിക്കുന്ന ഒരു ഓവർഹെഡ് കിക്കിലൂടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തച്ചുടച്ച അതേ റൊണാൾഡോ അതേ ട്യൂറിനിൽ വച്ചു രണ്ട് ഹെഡർ ഗോളുകളുടെയും ഒരു പെനാൽറ്റിയുടെയും അകമ്പടിയോടെ അത്ലറ്റികോയെ കശാപ്പ് ചെയ്തപ്പോൾ എതിർ ടീമിലായിരുന്നിട്ട് കൂടെ കഴിഞ്ഞ വർഷം തന്റെ മിന്നും ഗോളിനെ അഭിനന്ദിച്ച ട്യൂറിനിലെ കാൽപന്ത് ആരാധകരെ ആനന്ദ കണ്ണീരിലാറാടിച്ച റൊണാൾഡോ തന്റെ ചുവടുമാറ്റം വെറുതെയാകില്ല എന്ന സൂചന തരുന്നു. റൊണാൾഡോ കളം മാറ്റി ചവിട്ടിയപ്പോൾ തകർന്ന് പോയ റയൽ 10 വർഷങ്ങൾക്കിപ്പുറം ആദ്യമായി ക്വാർട്ടർ പോലും കാണാതെ പുറത്തായെങ്കിലും റൊണാൾഡോയെ അത്ര പെട്ടെന്നൊന്നും പുറത്താക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിയില്ല.
കാരണം ഏത് ടീമിലും ആയിക്കൊള്ളട്ടെ, റൊണാൾഡോ എന്നും ചാമ്പ്യൻസ് ലീഗിന്റെ പ്രിയ പുത്രൻ തന്നെ ആയിരിക്കും.. തന്റെ റെക്കോർഡുകൾ വീണ്ടും വീണ്ടും സ്വയം തിരുത്തിക്കുറിക്കാൻ അയാൾ കച്ച കെട്ടി ഇറങ്ങിയാൽ പിന്നെ 1996 നു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന യുവന്റസിന്റെ ചിരകാലാഭിലാഷം ഈ വർഷം സാർത്ഥകമാകുമെന്ന പ്രതീതി ഉളവാക്കുന്നു. ക്വാർട്ടർ ഫൈനലിലും അവിടെ ജയിച്ചാൽ അവിടുന്നങ്ങോട്ടും അയാൾ ഉണ്ടാകും യുവന്റസിന്റെ മുൻനിരയിൽ തന്നെ. എതിരാളികൾ ആരുമായിക്കൊള്ളട്ടെ, അവരുടെ വല തുളച്ചു യുവന്റസിനൊരു കിരീടം നെയ്തെടുക്കാൻ മികവുറ്റ ഒരു കലാകാരനെ പോലെ 7ആം നമ്പർ ജേർസിയുമണിഞ്ഞ്..