ജർമ്മൻ സൂപ്പർ കപ്പ് സ്വന്തമാക്കി ബൊറുസിയ ഡോർട്ട്മുണ്ട്. ബുണ്ടസ് ലീഗ,ജർമ്മൻ കപ്പ് ജേതാക്കളായ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ഡോർട്ട്മുണ്ട് സൂപ്പർ കപ്പുയർത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിന്റെ ജയം. ഒരു ഗോളും ഒരു അസിസ്റ്റും കൊണ്ട് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത് യുവതാരം ജേഡൻ സാഞ്ചോയായിരുന്നു.
സ്പാനിഷ് താരം പാകോ അൽകാസറാണ് ഡോർട്ട്മുണ്ടിന്റെ മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ഇത് ആറാം തവണയാണ് ബൊറുസിയ ഡോർട്ട്മുണ്ട് സൂപ്പർകപ്പുയർത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതി യൂറോപ്യൻ ഫുട്ബോളിന്റെ എല്ലാ ആവേശവും വിളിച്ചോതുന്നതായിരുന്നു. തിയാഗോയുടെ ബാക്ക് പാസ്സിൽ അവസരം കണ്ടെത്തിയ ജേഡൻ സാഞ്ചോ അൽകാസറിന്റെ ഗോളിന് വഴിയൊരുക്കുകയായിരുന്നു. പിന്നീട് ബയേൺ മ്യൂണിക്ക് തുടർച്ചയായി ഡോർട്ട്മുണ്ടിനെ അക്രമിച്ചെങ്കിലും ഗോൾ പിറന്നില്ല. മികച്ച ഒരു കൗണ്ടറിലൂടെ ബയേൺ പ്രതിരോധ നിരയെ കാണികളാക്കിക്കൊണ്ട് ജേഡൻ സാഞ്ചോ മാനുവൽ നുയറിനെ നട്മെഗ്ചെയ്ത് ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി. 2019-20 സീസ്ണിലെ ആദ്യ സിൽവർവെയർ സ്വന്തമാക്കി ഡോർട്ട്മുണ്ട്. ബയേൺ ആരാധകർക്ക് വരാനിരിക്കുന്ന സീസണിന്റെ ഓർമ്മപ്പെടുത്തലായി മാറി ഡോർട്ട്മുണ്ടിന്റെ സൂപ്പർ കപ്പ് ജയം.