120 മിനുട്ട് നീണ്ട പോരിന് ഒടുവിൽ ബെംഗളൂരുവിന് ഐ എസ് എൽ കിരീടം

ഐ എസ് എൽ കിരീടം അവസാനം ബെംഗളൂരു എഫ് സിക്ക് സ്വന്തം. കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ സംഭവിച്ച ദുരന്തം ആവർത്തിക്കാതെ ബെംഗളൂരുവിന്റെ നീലപ്പട ഇത്തവണ ഐ എസ് എൽ കിരീടത്തിൽ മുത്തമിട്ടു. എഫ് സി ഗോവയെ നേരിട്ട ബെംഗളൂരു എഫ് സി 120 മിനുട്ട് പോരിന് ഒടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ വിജയം സ്വന്തമാക്കിയത്.

ഇരു ടീമുകളും കരുതലോടെ മാത്രം കളിച്ച മത്സരം ഇരുടീമുകളുടെയും മറ്റു മത്സരങ്ങളെ പോലെ അത്ര ആവേശകരമായിരുന്നില്ല. ഒരു ഫൈനലിൽ പതിവില്ലാത്ത വിരസമായ രീതിയിലാണ് മത്സരം മുന്നോട്ട് പോയത്. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. മികുവിന് കിട്ടിയ രണ്ട് അവസരങ്ങൾ മാത്രമായിരുന്നു നിശ്ചിത സമയത്തെ പ്രധാന അവസരങ്ങൾ. മികുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

എക്സ്ട്രാ ടൈമിൽ കളി എത്തിയപ്പോൾ എഫ് സി ഗോവ ഒരു അബദ്ധം ചെയ്തു. അഹ്മദ് ജാഹു നടത്തിയ ഒരു ഫൗൾ രണ്ടാം മഞ്ഞക്കാർഡ് ക്ഷണിച്ചു വരുത്തി. അതോടെ ചുവപ്പ് കാർഡ് കിട്ടി ജാഹു പുറത്ത്. അവസാന മിനുട്ടിൽ ഗോവ 10 പേരായി ചുരുങ്ങി. അത് മുതലാക്കിയ ബെംഗളൂരു എഫ് സി കളി അവസാനിക്കാൻ 3 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ വിജയ ഗോൾ നേടി. രാഹുൽ ബെഹ്കെയുടെ ഹെഡറാണ് ബെംഗളൂരുവിന് കിരീടം നേടിക്കൊടുത്തത്.

ഈ കിരീടത്തോടെ ഐ ലീഗിലും ഐ എസ് എല്ലിലും കിരീടം നേടുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി മാറി.

Previous articleലങ്കാ ദഹനവും കഴിഞ്ഞു, സാഫ് കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്
Next articleമാര്‍ക്രത്തിനു ടി20യില്‍ ആദ്യാവസരം, നവാഗതരായ മറ്റ് രണ്ട് താരങ്ങളും ടീമില്‍