സിഡ്‌നി: ആഷസ് പരമ്പരയിലേറ്റ 4-1ന്റെ ദയനീയ പരാജയം ഇംഗ്ലണ്ട് ക്രിക്കറ്റിനെ അക്ഷരാർത്ഥത്തിൽ ഉലച്ചിരിക്കുകയാണ്. ‘ബാസ്‌ബോൾ’ എന്ന ആഘോഷിക്കപ്പെട്ട അഗ്രസ്സീവ് ക്രിക്കറ്റ് ശൈലി ഓസ്‌ട്രേലിയൻ മണ്ണിൽ ഇത്തവണ വൻ പരാജയമായി മാറിയെന്ന് തുറന്നുസമ്മതിച്ച നായകൻ ബെൻ സ്റ്റോക്സ്, വരാനിരിക്കുന്നത് കടുത്ത നടപടികളാണെന്ന കൃത്യമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ടീമിലെ മോശം പ്രകടനം നടത്തുന്നവർക്ക് ഇനി ഇംഗ്ലണ്ട് നിരയിൽ സ്ഥാനമുണ്ടാകില്ലെന്നും ആവിശ്യം വന്നാൽ തന്റെ “മറ്റൊരു മുഖം” വരും ദിവസങ്ങളിൽ എല്ലാവരും കാണുമെന്നും സ്റ്റോക്സ് തുറന്നടിച്ചു.

ഒരു കാലത്ത് ലോക ക്രിക്കറ്റിനെ വിറപ്പിച്ച ഇംഗ്ലണ്ടിന്റെ അമിത ആക്രമണ ശൈലി ഇപ്പോൾ പ്രവചനീയമായി മാറിയെന്നാണ് സ്റ്റോക്സിന്റെ കുറ്റസമ്മതം. “ഞങ്ങൾ കളിക്കുന്ന രീതിക്ക് കൃത്യമായ മറുപടി ഇപ്പോൾ എതിരാളികളുടെ കൈവശമുണ്ട്. തുടക്കത്തിൽ അവരെ കുഴപ്പിച്ചിരുന്ന തന്ത്രങ്ങളെ പ്രതിരോധിക്കാൻ അവർ പഠിച്ചു കഴിഞ്ഞു. ഞങ്ങൾ പലപ്പോഴും നിലവാരമില്ലാത്ത ക്രിക്കറ്റാണ് കളിക്കുന്നത്. ഇങ്ങനെ പോയാൽ വലിയ മത്സരങ്ങളിൽ വിജയിക്കാൻ കഴിയില്ല,” സ്റ്റോക്സ് പറഞ്ഞു.
ഓസ്‌ട്രേലിയയുടെ പ്ലാനിംഗിനേക്കാൾ ഇംഗ്ലണ്ട് താരങ്ങളുടെ മണ്ടത്തരങ്ങളാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്ന് സ്റ്റോക്സ് വിശ്വസിക്കുന്നു.
“ചില നിമിഷങ്ങളിൽ കളി നമ്മുടെ കയ്യിലാണെന്ന് തോന്നുമ്പോൾ അനാവശ്യമായ തീരുമാനങ്ങളെടുത്ത് ഞങ്ങൾ അത് അവർക്ക് സമ്മാനിക്കുകയാണ്. ഓസ്‌ട്രേലിയൻ മണ്ണിൽ എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഒരു ടീമിന് മുന്നിൽ ഇങ്ങനെയൊക്കെ കാണിച്ചാൽ ഈ 4-1 എന്ന സ്കോർ ബോർഡ് സ്വാഭാവികമാണ്. ബാറ്റിംഗിലും ബോളിംഗിലും മാത്രമല്ല, ഫീൽഡിംഗിലും ഞങ്ങൾ അങ്ങേയറ്റം താഴെയായിരുന്നു. കൈവിട്ട ക്യാച്ചുകൾ ഞങ്ങൾക്ക് വരുത്തിയ നഷ്ടം വളരെ വലുതാണ്.”
ജൂണിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇംഗ്ലണ്ട് ടീമിൽ വലിയൊരു അഴിച്ചുപണി സ്റ്റോക്സ് ഉറപ്പുനൽകുന്നു.
“മുന്നോട്ട് പോകണമെങ്കിൽ അങ്ങേയറ്റം സത്യസന്ധമായ ചർച്ചകൾ അനിവാര്യമാണ്. എനിക്ക് ക്രൂരമായ ഒരു മുഖം കൂടെയുണ്ട് . ഞാൻ പറയുന്ന നിലവാരത്തിലേക്ക് ഉയരാൻ താല്പര്യമില്ലാത്തവർക്ക് ഈ ടീമിൽ സ്ഥാനമുണ്ടാകില്ല. ഞാനൊരിക്കലും ആരെയും കുറ്റപ്പെടുത്താറില്ല, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവരും തയ്യാറായേ പറ്റൂ.”
ആഷസ് പരാജയത്തെക്കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീം വീണ്ടും മൈതാനത്തിറങ്ങുമ്പോൾ നിലവിലെ പല വമ്പൻമാരും പുറത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് സ്റ്റോക്സ് നൽകുന്നത്. സിഡ്‌നി ടെസ്റ്റിനിടെയേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ വിശ്രമത്തിലേക്ക് മാറുന്ന സ്റ്റോക്സ്, നായകസ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കിയെങ്കിലും ടീമിന്റെ ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞു.









