സിഡ്നി: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആഷസ് പരമ്പരയിൽ തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽ കൂടി ഉറപ്പിച്ച് ഓസ്ട്രേലിയ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1 ന് ഓസീസ് സ്വന്തമാക്കിയത്. 160 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമാണ് വിജയം പിടിച്ചെടുത്തത്.

അഞ്ചാം ദിനം കളി ആരംഭിക്കുമ്പോൾ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷകളുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ യുവതാരം ജേക്കബ് ബെഥലിന്റെ അതിശയിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് (150 റൺസ്) ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ തീപ്പൊരി ബൗളിംഗ് ഇംഗ്ലണ്ടിന്റെ വാലറ്റത്തെ കടപുഴക്കി. ഈ പരമ്പരയിൽ ഉടനീളം ഇംഗ്ലീഷ് ബാറ്റർമാരെ വിറപ്പിച്ച സ്റ്റാർക്ക് 31 വിക്കറ്റുകളുമായാണ് പടയോട്ടം അവസാനിപ്പിച്ചത്. 2013-14 ആഷസിലെ മിച്ചൽ ജോൺസന്റെ റെക്കോർഡിന് ശേഷം ഒരു പരമ്പരയിൽ 30 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഓസീസ് താരമായി സ്റ്റാർക്ക് മാറി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡും ജേക്ക് വെതറാൾഡും മികച്ച തുടക്കമാണ് നൽകിയത്. എങ്കിലും ഇംഗ്ലീഷ് ബൗളർമാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രാവിസ് ഹെഡിനെയും (29) ജേക്ക് വെതറാൾഡിനെയും (34) തുടരെ പുറത്താക്കി ജോഷ് ടങ്ങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. പിന്നാലെ സ്റ്റീവ് സ്മിത്തിനെ (12) ക്ലീൻ ബൗൾഡാക്കി വിൽ ജാക്സ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് എത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഉസ്മാൻ ഖവാജയ്ക്ക് തന്റെ വിടവാങ്ങൽ മത്സരത്തിൽ തിളങ്ങാനായില്ല. ആറ് റൺസ് മാത്രം നേടിയ ഖവാജയെ ജോഷ് ടങ്ങ് പുറത്താക്കി. എങ്കിലും മൈതാനത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചും കാണികളുടെ എഴുന്നേറ്റുനിന്നുള്ള ആദരവ് ഏറ്റുവാങ്ങിയും ഖവാജ നടത്തിയ വിടവാങ്ങൽ വികാരാധീനമായ കാഴ്ചയായിരുന്നു.
വിജയത്തിലേക്ക് 39 റൺസ് മാത്രം ബാക്കിയുള്ളപ്പോൾ മാർനസ് ലബുഷെയ്ൻ അനാവശ്യമായ ഒരു ഓട്ടത്തിനൊടുവിൽ റൺഔട്ടായതോടെ ഇംഗ്ലണ്ട് അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. സമ്മർദ്ദം മുറുകിയ നിമിഷങ്ങളിൽ ഇംഗ്ലീഷ് ബൗളർമാർ ആഞ്ഞടിച്ചെങ്കിലും ഓസീസിന്റെ ബാറ്റിംഗ് ആഴം അവരെ തുണച്ചു. പിന്നീട് ഒത്തുചേർന്ന അലക്സ് കാരിയും, ഓൾ റൗണ്ടർ കാമറൂൺ ഗ്രീനും ആക്രമിച്ച് കളിച്ച് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരിന്നു.
മത്സരത്തിന് മുന്നോടിയായി സിഡ്നിയിൽ കാണികളുടെ റെക്കോർഡ് സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. രണ്ടു ലക്ഷത്തിലധികം കാണികളാണ് അഞ്ചു ദിവസങ്ങളിലായി സിഡ്നിയിൽ കളി കാണാനെത്തിയത്. പരമ്പര നഷ്ടമായെങ്കിലും അവസാന രണ്ട് ടെസ്റ്റുകളിൽ പൊരുതി നോക്കാൻ കഴിഞ്ഞത് ഇംഗ്ലണ്ടിന് ആശ്വാസമാണ്.









