ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടർ-19 ഏകദിന പരമ്പരയിൽ 14-കാരനായ വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഈ യുവതാരത്തിന്റെ അവിശ്വസനീയമായ സ്ഥിരതയും പ്രഹരശേഷിയും കണ്ട് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ പോലും അമ്പരന്നിരിക്കുകയാണ്. വൈഭവിന്റെ കഴിഞ്ഞ ഒരു മാസത്തെ സ്കോറുകൾ നിരത്തിക്കൊണ്ട്, ‘എന്നാ തമ്പി, ഇന്ത അടി പോതുമാ, ഇല്ല ഇന്നും കൊഞ്ചം വേണുമ?’ എന്ന അശ്വിന്റെ എക്സ് (X) പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

വൈഭവ് സൂര്യവംശി കഴിഞ്ഞ 30 ദിവസത്തിനിടെ വിവിധ ടൂർണമെന്റുകളിലായി അടിച്ചുകൂട്ടിയ സ്കോറുകൾ അവിശ്വസനീയമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. 171(95), 50(26), 190(84), 68(24), 108*(61), 46(25) എന്നിങ്ങനെയാണ് താരത്തിന്റെ അവസാന ഒരു മാസത്തെ കണക്കുകൾ. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം നേടിയ 127 റൺസ്. 14 വയസ്സ് മാത്രമുള്ള ഒരു കുട്ടി ചെയ്യുന്ന ഈ കാര്യങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും അശ്വിൻ കുറിച്ചു.

അണ്ടർ-19 ഏകദിന ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡും ഈ ഇന്നിംഗ്സിലൂടെ വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കി. ജനുവരി 15-ന് ആരംഭിക്കുന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുന വൈഭവ് ആയിരിക്കുമെന്ന് അശ്വിൻ പ്രവചിക്കുന്നു. ലോകകപ്പിന് പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഓപ്പണറുടെ റോളിലേക്ക് വൈഭവ് എത്തുമ്പോൾ അത് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരത്തിൽ വൈഭവിന്റെയും ആരോൺ ജോർജിന്റെയും സെഞ്ചുറികളുടെ കരുത്തിൽ 393 റൺസെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 160 റൺസിന് പുറത്താക്കി 233 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരുകയും ചെയ്തിരിന്നു. പതിവ് നായകൻ ആയുഷ് മാത്രെയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് വൈഭവ് സൂര്യവംശി ഈ പരമ്പരയിൽ ടീമിനെ നയിച്ചത്.









