ആഷസിലെ അവസാന ടെസ്റ്റിന് ആവേശത്തുടക്കം! സിഡ്‌നിയിലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും, ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും മികവിൽ 3 വിക്കറ്റിന് 211 റൺസ് എന്ന നിലയിലേക്കെത്തി. മഴയും വെളിച്ചക്കുറവും കാരണം വെറും 45 ഓവറുകൾ മാത്രമാണ് ഇന്ന് കളി നടന്നത്.

ഒരു ഘട്ടത്തിൽ 57 റൺസിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ട് വലിയ തകർച്ചയെ അഭിമുഖീകരിച്ചതാണ്. പിന്നീടാണ് റൂട്ടും യുവതാരം ഹാരി ബ്രൂക്കും ഒന്നിച്ചത്. ഓസീസ് ബൗളർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും നാലാം വിക്കറ്റിൽ ഇതുവരെ 154 റൺസ് കൂട്ടിച്ചേർത്തു. 78 റൺസുമായി ബ്രൂക്കും 72 റൺസുമായി റൂട്ടും പുറത്താകാതെ നിൽക്കുന്നു.
സ്പെഷ്യലിസ്റ്റ് സ്പിന്നർമാരില്ലാതെ കളത്തിലിറങ്ങിയ ഓസ്‌ട്രേലിയയുടെ തീരുമാനം പാളുന്ന കാഴ്ചയാണ് ഇന്ന് സിഡ്‌നിയിൽ കണ്ടത്. പിച്ചിൽ നിന്ന് കാര്യമായ സഹായം ലഭിക്കാതെ വന്നതോടെ സ്മിത്തിനും സംഘത്തിനും റൂട്ട്-ബ്രൂക്ക് സഖ്യത്തെ തളയ്ക്കാനായില്ല. പേസർമാരായ മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, മൈക്കൽ നീസർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ സ്റ്റാർ ആൾറൗണ്ടർ കാമറൂൺ ഗ്രീന് എട്ടോവറിൽ വിക്കറ്റൊന്നും നേടാതെ 57 റൺസ് വഴങ്ങി.

ആവേശകരമായ ഒരു സെഷൻ ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് സിഡ്‌നിയിലെ കാലാവസ്ഥ വില്ലനായത്. മഴയും വെളിച്ചകുറവും കളി തടസ്സപ്പെടുത്തിയതോടെ അമ്പയർമാർക്ക് സ്റ്റംപ്സ് വിളിക്കേണ്ടി വന്നു.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ജേക്ക് വെതറാൾഡ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത് (c), ഉസ്മാൻ ഖവാജ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ബോ വെബ്‌സ്റ്റർ, മൈക്കൽ നീസർ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്.
ഇംഗ്ലണ്ട്: സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), ജെയ്മി സ്മിത്ത്, വിൽ ജാക്സ്, ബ്രൈഡൻ കാർസ്, മാത്യു പോട്ട്‌സ്, ജോഷ് ടങ്ങ്.









