Picsart 25 01 19 01 27 50 834

ആസ്റ്റൺ വില്ലയുടെ തിരിച്ചു വരവ്, സമനില വഴങ്ങി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് വമ്പൻ തിരിച്ചടി. സ്വന്തം മൈതാനത്ത് 2 ഗോളിന് മുന്നിൽ നിന്ന ശേഷം ആസ്റ്റൺ വില്ലയോട് സമനില വഴങ്ങി ആഴ്‌സണൽ. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ലിവർപൂൾ ഒരു കളി കുറവ് കളിച്ച ശേഷം 6 പോയിന്റുകൾ മുന്നിൽ ആണ് ആഴ്‌സണലിനേക്കാൾ. പരിക്കുകൾ നിരന്തരം വേട്ടയാടുന്ന ആഴ്‌സണൽ പ്രതിരോധ താരം പരിക്കേറ്റ വില്യം സലിബ കൂടി ഇല്ലാതെയാണ് ഇന്ന് ഇറങ്ങിയത്. നന്നായി തുടങ്ങിയ ആഴ്‌സണൽ 35 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഉഗ്രൻ ബോളിൽ നിന്നു ഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ മത്സരത്തിൽ മുന്നിൽ എത്തി. മികച്ച അവസരങ്ങൾ ഉണ്ടാക്കാൻ പലപ്പോഴും ഇരു ടീമുകളും കഷ്ടപ്പെട്ടു.

രണ്ടാം പകുതിയിലും നന്നായി തുടങ്ങിയ ആഴ്‌സണൽ ട്രോസാർഡിന്റെ തന്നെ ക്രോസിൽ നിന്നു കായ് ഹാവർട്‌സിലൂടെ 55 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ നേടി. എന്നാൽ ഇതിന് ശേഷം ആഴ്‌സണൽ കളി കൈവിടുന്നത് ആണ് കാണാൻ ആയത്. 60 മത്തെ മിനിറ്റിൽ ലൂകാസ് ഡീനെയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറി ടിലമെൻസ് വില്ലക്ക് ആയി ഒരു ഗോൾ മടക്കി. 8 മിനിറ്റിനുള്ളിൽ കാശിന്റെ മറ്റൊരു ഉഗ്രൻ ക്രോസിൽ നിന്നു ഒലി വാറ്റ്കിൻസ് ഗോൾ നേടിയതോടെ വില്ല സമനില നേടി. തുടർന്ന് വിജയഗോളിന് ആയി ആഴ്‌സണൽ കിണഞ്ഞു പരിശ്രമിച്ചു. 88 മത്തെ മിനിറ്റിൽ മെറീന്യോയുടെ ഷോട്ട് ഹാവർട്‌സിന്റെ നെഞ്ചിൽ തട്ടി ഗോൾ ആയെങ്കിലും ഇത് കയ്യിൽ തട്ടി എന്നു പറഞ്ഞു വാർ ഗോൾ അനുവദിച്ചില്ല. അവസാന നിമിഷങ്ങളിൽ ട്രോസാർഡിന്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയപ്പോൾ മറ്റൊരു ഷോട്ട് മാർട്ടിനസ് തടഞ്ഞു. മെറീന്യോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ആഴ്‌സണൽ സമനില സമ്മതിച്ചു.

Exit mobile version