ഇഷ് സോധിക്കും അജാസ് പട്ടേലിനും ശേഷം ന്യൂസിലൻഡ് ബൗളിംഗ് നിരയിൽ വിസ്മയമാകാൻ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി. തമിഴ്‌നാട്ടിലെ വേലൂരിൽ ജനിച്ച ആദിത്യ അശോക് എന്ന 23-കാരൻ ലെഗ് സ്പിന്നറാണ് ബ്ലാക്ക് ക്യാപ്‌സ് നിരയിലെ പുതിയ സ്പിൻ വാഗ്ദാനം. ഇന്ത്യൻ പര്യടനത്തിനെത്തിയ അദ്ദേഹത്തിന്റെ ബൗളിംഗ് കയ്യിലെ ‘എൻ വഴി തനി വഴി’ എന്ന സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ‘പടയപ്പ’യിലെ മാസ് ഡയലോഗ് തമിഴ് ടാറ്റുവാണ് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

നാലാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറിയപ്പോഴും തന്റെ വേരുകൾ മറക്കാൻ ആദിത്യ തയ്യാറായില്ല. കുട്ടിക്കാലത്ത് വേലൂർ സന്ദർശിച്ചപ്പോൾ തന്റെ മുത്തച്ഛനൊപ്പം അവസാനമായി കണ്ട സിനിമയായിരുന്നു ‘പടയപ്പ’. അന്ന് മുത്തച്ഛനുമായി നടത്തിയ ഹൃദ്യമായ സംഭാഷണങ്ങളുടെയും അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളുടെയും ഓർമ്മയ്ക്കായിട്ടാണ് ആദിത്യ ഈ ഡയലോഗ് പച്ചകുത്തിയത്.
ലെഗ് സ്പിന്നും വേഗതയേറിയ ഗൂഗ്ലികളുമാണ് ആദിത്യ അശോകിന്റെ പ്രധാന ആയുധങ്ങൾ. 2020-ലെ അണ്ടർ-19 ലോകകപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിത്യ, 2023 ഓഗസ്റ്റിലാണ് ന്യൂസിലൻഡിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഇതുവരെ കളിച്ച 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 78 വിക്കറ്റുകൾ ഈ യുവതാരം വീഴ്ത്തിയിട്ടുണ്ട്. 103 റൺസിന് 7 വിക്കറ്റ് വീഴ്ത്തിയതാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റിൽ 39 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റുകളും ടി20 ഫോർമാറ്റിൽ 32 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റുകളും ആദിത്യയുടെ പേരിലുണ്ട്. ഇതിനോടകം രണ്ട് ഏകദിനങ്ങളിലും ഒരു ടി20യിലും താരം ബ്ലാക്ക് ക്യാപ്‌സിനായി ജേഴ്സിയണിഞ്ഞു.

പരിക്കിനെത്തുടർന്ന് ഒരു വർഷത്തോളം കളത്തിന് പുറത്തായിരുന്ന താരം, ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ചികിത്സിച്ച ഡോക്ടറുടെ കീഴിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് ഇപ്പോൾ കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നത്. മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സ് അക്കാദമിയിൽ പരിശീലനം നേടിയിട്ടുള്ള ആദിത്യയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
മിച്ചൽ സാന്റ്‌നർ, ഇഷ് സോധി തുടങ്ങിയ പ്രമുഖ സ്പിന്നർമാരുള്ള ന്യൂസിലൻഡ് നിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള വലിയ അവസരമായാണ് ആദിത്യ ഈ ഇന്ത്യൻ പര്യടനത്തെ കാണുന്നത്. ന്യൂസിലൻഡിലെ പിച്ചുകളിൽ പന്തെറിഞ്ഞു ശീലിച്ച തനിക്ക് ഇന്ത്യയിലെ ടേണിംഗ് പിച്ചുകളിൽ കൂടുതൽ മികവ് കാട്ടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ‘കിവി പടയപ്പ’.









