താന്‍ പതിവിലും ചെറുപ്പമാണെന്ന പ്രതീതി – എ ബി ഡി വില്ലിയേഴ്സ്

ഐപിഎല്‍ പുതിയ സീസണിന് തുടക്കം ഇന്ന് ആരംഭിക്കുവാനിരിക്കുമ്പോള്‍ താന്‍ പുതിയ ചലഞ്ചിന് തയ്യാറാണെന്ന് പറഞ്ഞ് ക്രിക്കറ്റിലെ 360 ഡിഗ്രി താരമെന്ന് അറിയുന്ന എ ബി ഡി വില്ലിയേഴ്സ്. ഐപിഎലില്‍ മുംബൈയ്ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിന് തയ്യാറെടുക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

താന്‍ പതിവിലും ഏറെ ചെറുപ്പമാണെന്ന പ്രതീതിയാണെന്നാണ് എബിഡി വ്യക്തമാക്കിയത്. ഏപ്രില്‍ ഒന്നിന് ആര്‍സിബി ക്യാമ്പിലെത്തിയ താരം ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഐപിഎല്‍ അല്ലാതെ മറ്റൊരു ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമല്ല എന്നത് പരിഗണിക്കുമ്പോള്‍ ആവശ്യത്തിന് മാച്ച് പ്രാക്ടീസ് താരത്തിനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് എബിഡി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഐപിഎല്‍ 2020ന്റെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആര്‍സിബിയുടെ മത്സരത്തിലാണ് എബിഡി അവസാനമായി കളത്തിലിറങ്ങിയത്. ഏതാനും പരിശീലന സെഷനുകള്‍ക്ക് ശേഷം താന്‍ പതിവിലും ചെറുപ്പമാണെന്ന തോന്നലാണ് തനിക്കുള്ളതെന്ന് എബിഡി വ്യക്തമാക്കി.

Exit mobile version