കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന്‍ പഠിക്കേണ്ടിയിരിക്കുന്നു

ശ്രീലങ്കയ്ക്കെതിരെ തുടക്കം പാളിയെന്നും അവര്‍ നേടിയ തുടക്കം പരിഗണിച്ച് ശ്രീലങ്ക 300നു മേല്‍ സ്കോര്‍ നേടുമെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. 13.1 ഓവറില്‍ 92 റണ്‍സ് ആണ് ശ്രീലങ്ക ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നേടിയത്. എന്നാല്‍ മുഹമ്മദ് നബിയുടെ ബൗളിംഗ് മികവില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ഗുല്‍ബാദിന്‍ നൈബ് പറ‍ഞ്ഞു.

മഴയ്ക്ക് ശേഷം വിക്കറ്റ് ബാറ്റിംഗിനു ദുഷ്കരമാകുകയായിരുന്നുവെന്നും എന്നാല്‍ ലക്ഷ്യം അത്ര കടുപ്പമുള്ളതായിരുന്നില്ലെന്നും അഫ്ഗാന്‍ നായകന്‍ പറഞ്ഞു. ഓപ്പണിംഗ് മികച്ച തുടക്കം നല്‍കിയിരുന്നേല്‍ ലക്ഷ്യം അനായാസം മറികടക്കാമായിരുന്നുവെന്നും ഗുല്‍ബാദിന്‍ നൈബ് പറഞ്ഞു. ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ ഇനിയും മെച്ചപ്പെടുവാനുണ്ടെന്നും കൂട്ടുകെട്ടുകള്‍ എങ്ങനെ പടുത്തുയര്‍ത്താമെന്നും പഠിക്കേണ്ടതുണ്ടെന്നും നൈബ് പറഞ്ഞു.

Exit mobile version