രണ്ടാം ദിവസം ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി വെസ്റ്റിന്‍ഡീസ്

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം വിന്‍ഡീസിന് മേല്‍ക്കൈ. തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 409 റണ്‍സ് നേടിയ ടീം ബംഗ്ലാദേശിനെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലേക്ക് എറിഞ്ഞിടുകയായിരുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 304 റണ്‍സ് ഇനിയും ബംഗ്ലാദേശ് നേടണം.

27 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം, 6 റണ്‍സ് നേടി മുഹമ്മദ് മിഥുന്‍ എന്നിവരാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 11 റണ്‍സ് നേടുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിന്‍ഡീസിന് വേണ്ടി ഷാനണ്‍ ഗബ്രിയേല്‍ സൗമ്യ സര്‍ക്കാരിനെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും പുറത്താക്കുകയായിരുന്നു.

പിന്നീട് തമീം ഇക്ബാലും മോമിനുള്‍ ഹക്കും ചേര്‍ന്ന് 58 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയങ്കിലും റഖീം കോര്‍ണ്‍വാല്‍ മോമിനുള്‍ ഹക്കിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

21 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയത്. അധികം വൈകാതെ 44 റണ്‍സ് നേടിയ തമീം ഇക്ബാലിനെയും ബംഗ്ലാദേശിന് നഷ്ടമായി.

Exit mobile version