Shanmasood

റണ്ണടിച്ച് കൂട്ടി പാക്കിസ്ഥാന്‍, അബ്ദുള്ള ഷഫീക്കിനും ഷാന്‍ മസൂദിനും ശതകം

ഇംഗ്ലണ്ടിനെതിരെ മുൽത്താന്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം പാക്കിസ്ഥാന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഷാന്‍ മസൂദ്, അബ്ദുള്ള ഷഫീക്ക് എന്നിവരും ശതകങ്ങളുടെ ബലത്തിൽ 328/4 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രമുള്ളപ്പോളാണ് പാക്കിസ്ഥാന് ബാബര്‍ അസമിനെ നഷ്ടമായത്.

ഓപ്പണര്‍ സൈയിം അയൂബിനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്റെ സ്കോര്‍ 8 റൺസായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ 253 റൺസ് കൂട്ടുകെട്ടാണ് ഷഫീക്ക് – മസൂദ് കൂട്ടുകെട്ട് നേടിയത്.

അയൂബിനെ പുറത്താക്കിയ ഗസ് അട്കിന്‍സൺ തന്നെയാണ് ഇംഗ്ലണ്ടിനായി ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും തകര്‍ത്തത്. 102 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിനെ ആണ് പാക്കിസ്ഥാന് നഷ്ടമായത്.

അധികം വൈകാതെ ജാക്ക് ലീഷ് ഷാന്‍ മസൂദിനെയും മടക്കിയയ്ച്ചു. 151 റൺസായിരുന്നു മസൂദ് നേടിയത്.

ബാബര്‍ അസം – സൗദ് ഷക്കീൽ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് രണ്ടാമത്തെ ന്യൂ ബോള്‍ എടുത്ത ഇംഗ്ലണ്ടിന് വിക്കറ്റ് ലഭിച്ചത്. 30 റൺസ് നേടിയ ബാബര്‍ അസമിനെ ക്രിസ് വോക്സ് പുറത്താക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 61 റൺസാണ് ബാബര്‍ – സൗദ് കൂട്ടുകെട്ട് നേടിയത്.

35 റൺസുമായി സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നസീം ഷായുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version