ടെസ്റ്റില്‍ സാധിക്കാത്തത് ഏകദിനത്തില്‍ നേടി ഇംഗ്ലണ്ട്, 180 റണ്‍സ് നേടി ജേസണ്‍ റോയ്

- Advertisement -

ഓസ്ട്രേലിയയെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ 180 റണ്‍സിന്റെയും ജോ റൂട്ട് പൊരുതി നേടിയ 91 റണ്‍സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് 5 വിക്കറ്റ് ജയം ഇന്ന് മെല്‍ബേണില്‍ നേടിയത്. ഓസ്ട്രേലിയയുടെ സ്കോറായ 304 റണ്‍സ് 7 പന്ത് ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും റോയ്-റൂട്ട് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയതോടെ മത്സരം ഇംഗ്ലണ്ടിനു അനുകൂലമാകുകയായിരുന്നു. ഒരു ഇംഗ്ലണ്ട് താരം ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ജേസണ്‍ റോയ് ഇന്ന് നേടിയത്.

221 റണ്‍സാണ് റൂട്ടിനോടൊപ്പം കൂടി ജേസണ്‍ റോയ് നേടിയത്. 151 പന്തില്‍ 16 ബൗണ്ടറിയും 5 സിക്സും സഹിതം നേടിയ 180 റണ്‍സ് ഇംഗ്ലണ്ടിനു വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായി മാറുകയായിരുന്നു. റോയ് പുറത്തായ ശേഷവും മികച്ച രീതിയില്‍ ബാറ്റ് വീശിയ ജോ റൂട്ട് 91 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ട് വിക്കറ്റ് വീതം നേടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസിനും ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 304 റണ്‍സ് നേടുകയായിരുന്നു. ഫിഞ്ച്(107), സ്റ്റോയിനിസ്(60), മിച്ചല്‍ മാര്‍ഷ്(50) എന്നിവരാണ് ബാറ്റിംഗില്‍ ഓസ്ട്രേലിയയ്ക്കായി മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement