മുഹമ്മദ് നബിയെ മറികടന്ന് റഷീദ് ഖാന്‍, ഒപ്പമെത്തി സീനിയര്‍ താരം

- Advertisement -

ഇന്നത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനായി ഏകദിനങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ എന്ന ബഹുമതി മുഹമ്മദ് നബിയ്ക്കായിരുന്നു. 111 വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെ തൊട്ടുപുറകിലായി യുവതാരവും തന്റെ 20ാം പിറന്നാളും ആഘോഷിക്കുന്ന റഷീദ് ഖാന്‍ നിലകൊള്ളുന്നുണ്ടായിരുന്നു. 110 വിക്കറ്റുമായി മത്സരം ആരംഭിച്ച റഷീദ് ഖാന്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി നബിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തിയിരുന്നു.

ഏതാനും ഓവറുകള്‍ക്ക് ശേഷം മഹമ്മദുള്ളയെ പുറത്താക്കി റഷീദ് മുഹമ്മദ് നബിയെ മറികടന്ന് ഏകദിനങ്ങളില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി മാറി. എന്നാല്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ പുറത്താക്കി മുഹമ്മദ് നബി റഷീദ് ഖാന്റെ റെക്കോര്‍ഡിനൊപ്പം വീണ്ടും എത്തുകയായിരുന്നു.

ഇരു താരങ്ങളും 112 വിക്കറ്റുമായി ഒപ്പം നില്‍ക്കുമ്പോളും റഷീദ് ഖാന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ സ്പിന്നറായി മാറുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഈ പദവി റഷീദ് ഖാനെപ്പോലൊരു ചാമ്പ്യന്‍ താരത്തിനു കൈമാറുന്നതില്‍ യാതൊരു വിഷമവും നബിയ്ക്കും തോന്നുകയില്ലെന്നത് തീര്‍ച്ച.

Advertisement