തിരുവനന്തപുരം: കേരളത്തിനും വിജയത്തിനുമിടക്ക് ഇനി വെറും 126 റൺസ് മാത്രം! രണ്ടാം ഇന്നിംഗ്സിലും മാരക ഫോം തുടർന്ന ജലജ് സ്കസേനയുടെ 6 വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് 287 റൺസിന് തകർന്നടിഞ്ഞു. ഒരു ഇന്നിംഗ്സ് വിജയം വരെ സ്വപനം കണ്ട കേരളത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയ അവതരിച്ചു. തന്റെ കരിയറിലെ പതിനഞ്ചാം സെഞ്ച്വറി, താരം തുമ്പ സെൻറ് സേവ്യർ കോളേജിൽ കുറിച്ചു. 228 പന്തിൽ നിന്ന് 12 ഫോറുകളും 3 സിക്സറുകളുടേയും ബലത്തിൽ 152 റൺസാണ് ഹർപ്രീത് നേടിയത്.
10/2 എന്ന നിലയിൽ കളി പുനരാരംഭിച്ച സന്ദർശകർക്ക് 55 റൺസിൽ നിൽക്കെ തന്നെ അമന്ദീപ് ഖാരെയെ (30 റൺസ്) നഷ്ടമായി. തുടർന്ന് വന്ന ശശാങ്ക് സിങ്ങും (16 റൺസ്) അജയ് മണ്ഡലും (22 റൺസ്) വലിയ സ്കോറുകൾ നേടിയില്ലെങ്കിൽ കൂടെ ഹർപ്രീതിന് മികച്ച പിന്തുണ നൽകി. വാലറ്റത്ത് ഷാനവാസ് ഹുസൈനും(20 റൺസ്), സുമിത് കുമാറും(13 റൺസ്) കൂടി ചേർന്നതോടെയാണ് ഛത്തീസ്‌ഗഢ് സ്കോർ 287 റൺസ് എത്തിയത്.
മൂന്നാം ദിനവും കേരളത്തിന്റെ വജ്രായുധം ജലജ് സക്സേന തന്നെയായിരുന്നു. 37.4 ഓവർ എറിഞ്ഞ വലം കയ്യൻ ഓഫ് സ്പിന്നർ ഛത്തീസ്‌ഗഢിന്റെ 6 താരങ്ങളെയാണ് പുറത്താക്കിയത്. അതിൽ അഞ്ചും ഇന്നത്തെ ടോപ് സ്കോർമാർ! നേരത്തെ ആദ്യ ഇന്നിംഗ്സിലും 5 വിക്കറ്റ് വീഴ്ത്തി ജലജ് സക്സേന മികച്ചു നിന്നിരുന്നു. ഇത് സക്സേനയുടെ 25മത് 5 വിക്കറ്റ് നേട്ടവും, പത്താമത് 6 വിക്കറ്റ് നേട്ടവുമാണ്.
അവസാന ദിവസമായ നാളെ 126 റൺസ് നേടിയാൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയം സ്വന്തമാക്കാം. മികച്ച ഫോമിലുള്ള രോഹൻ പ്രേം, രോഹൻ കുന്നുമൽ, സച്ചിൻ ബേബി എന്നിവർക്കൊപ്പം ക്യാപറ്റൻ സംഞ്ജു സാംസൺ, പിന്നെ 11 വിക്കറ്റ് നേടിയ 36കാരൻ ഓൾ റൗണ്ടർ ജലജ് സക്സേന കൂടെ ചേരുമ്പോൾ കേരളം വിജയത്തിൽ കുറഞ്ഞതൊന്നും അവസാന ദിനം പ്രതീക്ഷിക്കുന്നില്ല എന്നത് ഉറപ്പ്.