കറാച്ചി: വേർപിരിയാത്ത ഓപ്പണിംഗ് കൂട്ടുക്കെട്ടുമായി ഡെവോൺ കോൺവേയും ടോം ലാതവും ന്യൂസിലാന്റിനെ മുന്നോട്ട് നയിക്കുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ പാകിസ്ഥാന്റെ 438 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് മറുപടിയായി 165/0 എന്ന നിലയിലാണ് ന്യൂസിലാൻഡ്.
പാക് ബൗളർമാർക്ക് ഒരു അവസരം പോലും നൽകാതെ, തീർത്തും പഴുതടച്ച ബാറ്റിംഗുമായി കോൺവേയും ലാതവും കളി മുന്നോട്ട് നയിച്ചപ്പോൾ പിറന്നത് കിടിലൻ റെക്കോഡുകൾ. ഈ 165* റൺസ് കൂട്ടുകെട്ട്, ന്യൂസിലാന്റ് ടീമിന്റെ പാകിസ്ഥാനിലെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിങ്ങ് സ്കോറാണ്. അതോടൊപ്പം തന്നെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ന്യൂസിലൻഡ് താരം എന്ന റെക്കോർഡും കോൺവേ സ്വന്തമാക്കി. വെറും 19 ഇന്നിംഗ്സ് മാത്രമാണ് കോൺവേ ആയിരം റൺസെന്ന നാഴികക്കല്ല് താണ്ടാൻ എടുത്തത്.
മാറി മാറി എറിഞ്ഞ നിയുക്ത പാക് ബൗളർമാർക്ക് പുറമെ, ക്യാപ്റ്റൻ ബാബർ അസം തന്നെ പന്തെറിഞ്ഞു നോക്കിയെങ്കിലും ഈ കിവി കൂട്ടുക്കെട്ട് തകർക്കാനായില്ല. 156 പന്തിൽ 12 ഫോറുകളുമായി കോൺവേ 82* റൺസ് നേടി. 126 പന്തിൽ 8 ഫോറുകളുമായാണ് ലാതം 78* റൺസ് നേടിയത്. ഇതോടെ 438 റൺസ് നേടിയ പാകിസ്ഥാൻ ലീഡ് 273 റൺസ് മാത്രായി കുറഞ്ഞു.
പാക് ഇന്നിങ്‌സ് ഇവിടെ വായിക്കാം : സൽമാനും സെഞ്ച്വറി, പാകിസ്താന് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ