നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് കളി മുഹൂർത്തങ്ങൾ ഉണ്ട് ഇന്ത്യൻ ക്രിക്കറ്റിന്. അവിടെയെല്ലാം നമ്മൾ ഓർക്കുന്നത് അതിൽ ഭാഗവാക്കായ കളിക്കാരെയും കൂടി വന്നാൽ പരിശീലകരെയും മാത്രമാണ്. എന്നാൽ ടി വി യിലൂടെ മാത്രം കളി കണ്ട് നിർവൃതി അടയുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും മനഃപൂർവം മറന്നു കളയുന്ന ഒരു വിഭാഗമുണ്ട്. കളി തത്സമയം വാക്കുകളിലൂടെ കൂടെയും നമ്മിലേക്കെത്തിക്കുന്ന കമന്റേറ്റർസ്. അവരുടെ കളി വിവരണം കൂടെയുണ്ടെങ്കിൽ മാത്രമേ അതിന്റെ ആവേശം പൂർണമാകൂ. ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകന് തന്റെ ആവേശത്തിന്റെ പാരമ്യത്തിലെത്തണമെങ്കിൽ അത് കളി മ്യൂട്ട് ചെയ്തു കണ്ടാൽ സാധിക്കില്ല. കമന്ററിയുടെ അകമ്പടിയോടെ തന്നെ കാണണം.
സ്വന്തം ടീമിന്റെ അല്ലെങ്കിൽ ഇഷ്ടപെട്ട കളിക്കാരന്റെ പ്രകടനത്തെ മികച്ച വാക്കുകൾ കൊണ്ട് വർണ്ണിക്കുന്നത് കേൾക്കുന്ന അത്ര സുഖം ആ കളി നേരിട്ട് കണ്ടാൽ പോലും ലഭിക്കില്ല. അത് കൊണ്ടാണ് ഈ ജനത കളി മുഴുവൻ കണ്ടതാണെങ്കിലും നമുക്ക് അനുകൂലമായ ഫലമാണെങ്കിൽ അടുത്ത ദിവസത്തെ പത്രത്തിനായി കാത്തിരിക്കുന്നതും അതിലെ കളിയെ പറ്റിയുള്ള ഓരോന്നും അരിച്ചു പെറുക്കി വായിക്കുന്നതും.
ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി എത്തുന്നു എന്ന വാർത്ത കേട്ട് യഥാർത്ഥ ക്രിക്കറ്റ് പ്രേമികളെല്ലാവരും സങ്കടപ്പെട്ടു. അത് പക്ഷെ അദ്ദേഹമൊരു മോശം കോച്ച് ആവുമെന്നുള്ള ഭയം കൊണ്ടായിരുന്നില്ല. മറിച്ച് കമന്ററി ബോക്സിൽ അദ്ദേഹത്തെ അത്ര മാത്രം മിസ്സ് ചെയ്യും എന്നുള്ളത് കൊണ്ടായിരുന്നു. മഞ്ജരേക്കറും ഗവാസ്കറും എല്ലാം മികച്ച കമന്റേറ്റർമാരാണെങ്കിലും ശാസ്ത്രി ഒരു വികാരമാണ് ഇന്ത്യക്കാർക്ക്. അദ്ദേഹത്തിന്റെ സ്ഫോടനാത്മകവും നൈമിഷികവുമായ കളി പറച്ചിലുകൾ അത്ര മേൽ സ്വാധീനം ചെലുത്തിയവയാണ്.
ഇന്ത്യൻ ക്രിക്കറ്റും ക്രിക്കറ്റ് താരങ്ങളും പല നാഴികക്കല്ലുകളും താണ്ടിയപ്പോൾ അത് വർണിച്ചു മനോഹരമാക്കാൻ ആ ഘനഗംഭീര ശബ്ദം കൂട്ടിനുണ്ടായിരുന്നു.
2007 ൽ ട്വന്റി 20 ലോകകപ്പിൽ ബ്രോഡിനെതിരെ യുവരാജ് നേടിയ 6 സിക്സറുകൾക്ക് പൊലിമ ചാർത്താൻ അദ്ദേഹത്തിന്റെ ശബ്ദം കൂടി കൂട്ടിനെത്തിയതുകൊണ്ടാണ് ഇന്നും പലരുടെയും ഫോൺ ഗാലറികളിലും യൂട്യൂബ് ഓഫ്‌ലൈൻ വീഡിയോ വിഭാഗത്തിലും എല്ലാം ഒഴിവാക്കാനാവാത്ത ഒന്നായി അത് നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. മനസ്സല്പം ഉലഞ്ഞാൽ അതിൽ നിന്ന് മുക്തി നേടാൻ ഒരു പ്രചോദനമെന്ന രീതിയിൽ ഇന്നും ആ വീഡിയോ കാണുന്നവരുണ്ട് എന്നറിയുമ്പോഴാണ് വെറുമൊരു കളിയല്ലേ, കളി പറച്ചിലല്ലേ എന്ന ചോദ്യം അപ്രസക്‌തമാകുന്നത്. പിന്നീട് അതേ ടൂർണമെന്റ് കലാശ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനെ ഇഞ്ചോടിഞ്ച് പോരാടി പരാജയപ്പെടുത്തി കുട്ടി ക്രിക്കറ്റിന്റെ പ്രഥമ കിരീടത്തിനാവകാശികളായി ഇന്ത്യ മാറിയപ്പോഴും ഓരോ ഭാരതീയന്റെയും എല്ലാ വികാരവിക്ഷോഭങ്ങൾക്കും അനുസൃതമായി അതേ ആവേശത്തിൽ കളി വിവരിക്കാൻ അവസാനം വരെ അദ്ദേഹം ഉണ്ടായി എന്നത് തന്നെയാണ് ആ വ്യക്തി എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്നതിന്റെ അടയാളം.
ക്രിക്കറ്റ് ദൈവം സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തിലെ ലോകത്തെ തന്നെ ആദ്യ ഇരട്ട ശതകം നേടി മറ്റൊരു ചരിത്രം കുറിച്ചപ്പോൾ “first man on the planet to reach 200 and it’s the superman from India” എന്ന ശാസ്ത്രിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല നമ്മെ പുളകം കൊള്ളിച്ചത്.
2011 ൽ ഇത് പോലൊരു ഏപ്രിൽ 2 ന് നുവാൻ കുലശേഖരയെ ലോങ്ങ് ഓണിന് മുകളിലേക്ക് പായിച്ചു വാൻഖടെയുടെ തിരുമുറ്റത്ത് വച്ചു 28 വർഷത്തെ കിരീടകാത്തിരിപ്പിനു ധോണി അവസാനം കുറിച്ചപ്പോൾ “dhoni finishes it off in style… ” എന്ന് തുടങ്ങി രവി ശാസ്ത്രിയിൽ നിന്ന് പുറപ്പെട്ട നെടുനീളൻ ഇംഗ്ലീഷ് ഡയലോഗ് ഇന്നും ഓരോ ഭാരതീയനും കാണാപ്പാഠമാണ്. പാഠഭാഗങ്ങൾ മറന്നാലും കുട്ടികളാരും ഇത് മറക്കില്ല. എന്നാൽ പലർക്കും അതാരാണ് പറഞ്ഞതെന്ന് പേര് പോലും അറിയില്ലായിരിക്കും. എന്നാലും അവരാരും അറിയാതെ അവരുടെ മനസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഒരു മായിക ശക്തി ഈ മുൻ ഇന്ത്യൻ ഓൾ റൗണ്ടറുടെ വാക്കുകൾക്ക് ഉണ്ട്. 2015 ൽ കങ്കാരുക്കൾക്ക് അടിയറ വെക്കേണ്ടി വന്ന ആ പൊന്നുംകിരീടം ഈ വർഷം ഇന്ത്യ നേടുകയാണെങ്കിലും ആ നിമിഷത്തെ തന്റെ വാക്കുകൾ കൊണ്ട് അവിസ്മരണീയമാക്കാൻ രവി ശാസ്ത്രി ഇല്ലല്ലോ എന്ന ദുഃഖം ബാക്കിയാകും. വി മിസ്സ് യൂ ശാസ്ത്രി…