ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാര്‍ഷും മാക്സ്വെല്ലും, ഇരുവരെയും പുറത്താക്കി ഭുവനേശ്വറിന്റെ മികവ്

അഡിലെയ്ഡില്‍ രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ 300 റണ്‍സ് എന്ന മോഹത്തിനു ഇന്ത്യന്‍ ബൗളര്‍മാര്‍ തടയിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓസ്ട്രേലിയന്‍ മധ്യ നിരയെയും വാലറ്റത്തെയും ചുരുട്ടിക്കെട്ടുന്നതാണ് മത്സരത്തിന്റെ അവസാന ഓവറുകളില്‍ കണ്ടത്. ഭുവനേശ്വര്‍ നാലും ഷമി മൂന്നും വിക്കറ്റ് നേടി.

ഒരു ഘട്ടത്തില്‍ 134/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്നാണ് 50 ഓവറില്‍ നിന്ന് 298 റണ്‍സ് എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ ഏകദിനത്തിലേതിനും വലിയ സ്കോറാണ് ഓസ്ട്രേലിയയ്ക്ക് അഡിലെയ്ഡില്‍ നേടാനായത്. മാക്സ്വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ഷിന്റെ സംഭാവന 131 റണ്‍സായിരുന്നു. 123 പന്തുകള്‍ നേരിട്ട മാര്‍ഷ് 11 ബൗണ്ടറിയും 3 സിക്സും സ്വന്തമാക്കി. 9 വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

മാര്‍ക്കസ് സ്റ്റോയിനിസ്(29), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(20), ഉസ്മാന്‍ ഖവാജ(21) എന്നിവരെ അധികം സമയം ക്രീസില്‍ നിര്‍ത്താതെ ഇന്ത്യയ്ക്ക് പുറത്താക്കാനായെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. 74 റണ്‍സാണ് ആറാം വിക്കറ്റില്‍ മാര്‍ഷ്-മാക്സ്വെല്‍ കൂട്ടുകെട്ട് നേടിയത്.

ഒരേ ഓവറില്‍ ഇരുവരെയും പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഓസ്ട്രേലിയയെ മുന്നൂറ് കടക്കുന്നതില്‍ നിന്ന് തടഞ്ഞത്.

Exit mobile version