Priyansharya

പ്രിയാന്‍ഷ് ആര്യ ഓൺ ഫയര്‍!!! പഞ്ചാബ് 219 , പ്രിയാന്‍ഷ് 103

പ്രിയാന്‍ഷ് ആര്യയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 219 റൺസ് നേടി പഞ്ചാബ് കിംഗ്സ്. 42 പന്തിൽ 103 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യ മാത്രമാണ് പഞ്ചാബ് ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയത്.  ശശാങ്ക് സിംഗും മാര്‍ക്കോ ജാന്‍സനും നിര്‍ണ്ണായക ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് ആദ്യ ഓവറിൽ മികച്ച തുടക്കമാണ് പ്രിയാന്‍ഷ് നൽകിയത്. എന്നാൽ രണ്ടാം ഓവറിൽ പ്രഭ്സിമ്രാന്‍ സിംഗിനെയും മൂന്നാം ഓവറിൽ ശ്രേയസ്സ് അയ്യരെയും നഷ്ടമായ പഞ്ചാബിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെയും നഷ്ടമായി.

പ്രഭ്സിമ്രാനെ മുകേഷ് ചൗധരിയും ശ്രേയസ്സ് അയ്യരെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും ഖലീൽ അഹമ്മദും ആണ് പുറത്താക്കിയത്. പവര്‍പ്ലേയിലെ അവസാന പന്തിൽ 19 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പ്രിയാന്‍ഷ് ആര്യ നേടിയപ്പോള്‍ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 75 റൺസാണ് നേടിയത്.

നെഹാൽ വധേരയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒരേ ഓവറിൽ പുറത്താക്കി അശ്വിന്‍ പഞ്ചാബിനെ 83/5 എന്ന നിലയിലാക്കിയപ്പോള്‍ അവിടെ നിന്ന് പ്രിയാന്‍ഷ് – ശശാങ്ക് കൂട്ടുകെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 71 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്.

മതീഷ പതിരാനെയെ ഒരു ഓവറിൽ തുടരെ മൂന്ന് സിക്സുകള്‍ക്ക് പായിച്ച പ്രിയാന്‍ഷ് തൊട്ടുത്ത ഓവറിൽ തന്റെ കന്നി ഐപിൽ ശതകം പൂര്‍ത്തിയാക്കി. 39 പന്തിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാൽ തൊട്ടടുത്ത ഓവറിൽ നൂര്‍ അഹമ്മദ് താരത്തെ പുറത്താക്കി. 42 പന്തിൽ നിന്ന് 103 റൺസ് നേടിയ പ്രിയാന്‍ഷ് 9 സിക്സും 7 ഫോറുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. പ്രിയാന്‍ഷ് പുറത്തായ ശേഷം ശശാങ്ക് സിംഗും മാര്‍ക്കോ ജാന്‍സനും റൺ റേറ്റ് നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് സ്കോര്‍ 200 കടന്നു.

ഏഴാം വിക്കറ്റിൽ 38 പന്തിൽ നിന്ന് 65 റൺസാണ്  ഈ അപരാജിത കൂട്ടുകെട്ട് നേടിയത്. ശശാങ്ക് 36 പന്തിൽ 52 റൺസും മാര്‍ക്കോ ജാന്‍സന്‍ 19 പന്തിൽ 34 റൺസും ആണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദും രവിചന്ദ്രന്‍ അശ്വിനും 2 വീതം വിക്കറ്റ് നേടി. 3 ഓവറിൽ 18 റൺസ് മാത്രം വിട്ട് നൽകിയ രവീന്ദ്ര ജഡേജ കണിശതയോടെ പന്തെറിഞ്ഞു.

 

Exit mobile version