Mitchellmarsh

റൺ മല തീര്‍ത്ത് ലക്നൗ, അടിച്ച് കസറി മാര്‍ഷും പൂരനും മാര്‍ക്രവും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റൺ മല തീര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്കെതിരെ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസെന്ന കൂറ്റന്‍ സ്കോറാണ് ലക്നൗ നേടിയത്. നിക്കോളസ് പൂരനും മിച്ചൽ മാര്‍ഷും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രവും നിര്‍ണ്ണായക സംഭാവന നൽകി.

എയ്ഡന്‍ മാര്‍ക്രം തുടക്കത്തിൽ തന്നെ അതിവേഗത്തിൽ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ മിച്ചൽ മാര്‍ഷ് കരുതലോടെയാണ് ബാറ്റ് വീശിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ലക്നൗ നേടിയത്.

മാര്‍ക്രത്തിനൊപ്പം മാര്‍ഷും സ്കോറിംഗ് വേഗത ഉയര്‍ത്തിയപ്പോള്‍ പത്തോവര്‍ ‍അവസാനിക്കുമ്പോള്‍ 95 റൺസാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നേടിയത്. 11ാം ഓവറിൽ ഹര്‍ഷിത് റാണയെ ബൗണ്ടറിയോടെ വരവേറ്റ മാര്‍ക്രത്തിനെ അടുത്ത പന്തിൽ പുറത്തക്കി താരം ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

28 പന്തിൽ 47 റൺസാണ് മാര്‍ക്രം നേടിയത്. മാര്‍ക്രം പുറത്തായ ശേഷം ക്രീസിലെത്തിയ നിക്കോളസ് പൂരനും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയിപ്പോള്‍ ലക്നൗ കൊൽക്കത്തയ്ക്ക് മുന്നിൽ റൺ മല തീര്‍ക്കുകയായിരുന്നു. 30 പന്തിൽ 71 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ ആന്‍ഡ്രേ റസ്സലാണ് തകര്‍ത്തത്.

48 പന്തിൽ 81 റൺസ് നേടിയ മാര്‍ഷിനെയാണ് താരം പുറത്താക്കി കൊൽക്കത്തയ്ക്ക് ആശ്വാസം നൽകിയത്. എന്നാൽ നിക്കോളസ് പൂരന്‍ അവസാന ഓവറുകളിൽ കത്തിക്കയറിയപ്പോള്‍ കൊൽക്കത്ത ബൗളര്‍മാര്‍ കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

പൂരന്‍ 36 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മത്സരത്തിൽ 238/3 എന്ന കൂറ്റന്‍ സ്കോറാണ് ലക്നൗ നേടിയത്.

Exit mobile version