Priyanshprabh

തിളങ്ങി ഓപ്പണര്‍മാര്‍!!! പഞ്ചാബിന് 201 റൺസ്

കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പഞ്ചാബിന്റെ തീരുമാനം ശരിവയ്ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് ഓപ്പണര്‍മാര്‍. ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയുടെയും പ്രഭ്സിമ്രാന്‍ സിംഗിന്റെയും ബാറ്റിംഗ് മികവിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്.

പഞ്ചാബിന് വേണ്ടി പ്രിയാന്‍ഷ് ആര്യ മികച്ച തുടക്കമാണ് നൽകിയത്. പ്രഭ്സിമ്രാന്‍ സിംഗിനൊപ്പം പ്രിയാന്‍ഷ് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേയിൽ ഈ കൂട്ടുകെട്ട് 56 റൺസാണ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 90 റൺസ് നേടിയ പഞ്ചാബിനായി പ്രിയാന്‍ഷ് ആര്യ 27 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

എന്നാൽ അധികം വൈകാതെ 35 പന്തിൽ 69 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെ പഞ്ചാബിന് നഷ്ടമായി. 120 റൺസാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 72 പന്തിൽ നിന്ന് നേടിയത്.തൊട്ടടുത്ത ഓവറിൽ 38 പന്തിൽ നിന്ന് പ്രഭ്സിമ്രാന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം കൂടുതൽ ആക്രമിച്ച് കളിച്ച പ്രഭ്സിമ്രാന്‍ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് 40 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ശേഷം പുറത്താകുകയായിരുന്നു. 49 പന്തിൽ 83 റൺസ് നേടിയ താരത്തെ വൈഭവ് അറോറയാണ് പുറത്താക്കിയത്.

ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായ ശേഷം പഞ്ചാബിനെ വരുതിയലാക്കുവാന്‍ കൊൽക്കത്തയ്ക്ക് സാധിച്ചു. മാക്സ്വെല്ലിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ പഞ്ചാബിന് മൂന്നാം വിക്കറ്റ് നഷ്ടമായി.

ശ്രേയസ്സ് അയ്യര്‍ 16 പന്തിൽ 25 റൺസും ജോഷ് ഇംഗ്ലിസ് 6 പന്തിൽ 11 റൺസും നേടി അഞ്ചാം വിക്കറ്റിൽ 9 പന്തിൽ നിന്ന് 17 റൺസ് നേടി പഞ്ചാബിനെ 200 കടത്തി.

Exit mobile version