Sunilnarine

ഒരേ ഒരു നരൈന്‍!!! സഞ്ജുവും സംഘവും റൺ മല കയറണം

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 223 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സുനിൽ നരൈന്റ തകര്‍പ്പന്‍ ടി20 ശതകമാണ് വലിയ സ്കോറിലേക്ക് കൊൽക്കത്തയെ എത്തിച്ചത്.

ഫിലിപ്പ് സാള്‍ട്ടിനെ നാലാം ഓവറിൽ നഷ്ടമായപ്പോള്‍ 21 റൺസായിരുന്നു കൊൽക്കത്ത നേടിയത്. പവര്‍പ്ലേ 56 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ കൊൽക്കത്ത 100 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ കൊൽക്കത്തയ്ക്ക് നഷ്ടമായി. 18 പന്തിൽ 30 റൺസാണ് താരം നേടിയത്.

43 പന്തിൽ 85 റൺസാണ് രണ്ടാം വിക്കറ്റിൽ സുനിൽ നരൈന്‍ -അംഗ്കൃഷ് രഘുവംശി കൂട്ടുകെട്ട് നേടിയത്. കുൽദീപ് സെന്‍ ആണ് ഈ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തത്. ശ്രേയസ്സ് അയ്യരെ ചഹാല്‍ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ നരൈന്‍ തന്റെ മിന്നും പ്രകടനം തുടര്‍ന്നു. നാലാം വിക്കറ്റിൽ ഇവര്‍ 51 റൺസാണ് അതിവേഗത്തിൽ നേടിയത്. ചഹാല്‍ എറിഞ്ഞ 16ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും നരൈന്‍ നേടിയപ്പോള്‍ താരം 49 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി.

അവേശ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ പുറത്താക്കിയപ്പോള്‍ 13 റൺസാണ് താരത്തിന്റെ സംഭാവന. അവേശ് ഖാന്‍ എറിഞ്ഞ ആ ഓവറിൽ നരൈന്‍ നേടിയ ബൗണ്ടറി ഉള്‍പ്പെടെ 7 റൺസ് മാത്രമാണ് പിറന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ ഓവറിൽ നരൈന്‍ പുറത്താകുമ്പോള്‍ 195 റൺസാണ് കൊൽക്കത്തയുടെ സ്കോര്‍. 56 പന്തിൽ 109 റൺസ് നേടിയ താരം 13 ബൗണ്ടറിയും 6 സിക്സുമാണ് നേടിയത്.

അവസാന ഓവറുകളിൽ വിക്കറ്റുകളുമായി രാജസ്ഥാന്‍ റൺ ഒഴുക്കിന് തടയിട്ടുവെങ്കിലും 9 പന്തിൽ 20 റൺസ് നേടി റിങ്കു സിംഗ് കൊൽക്കത്തയെ 223 റൺസിലേക്ക് എത്തിച്ചു.

Exit mobile version