Lsg

പവര്‍പ്ലേയിൽ 90 റൺസ് നേടി കൊൽക്കത്ത, മധ്യ ഓവറുകളിൽ കാലിടറി, 4 റൺസ് പരാജയം

ലക്നൗ നൽകിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊൽക്കത്തയ്ക്ക് മധ്യ ഓവറുകളിൽ കാലിടറിയപ്പോള്‍ നാല് റൺസ് പരാജയം. 239 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടീമിന് 234/7 എന്ന സ്കോറാണ് നേടാനായത്. ഒരു ഘട്ടത്തിൽ മികച്ച തുടക്കം നേടി വിജയലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്തയ്ക്ക് തുടരെ അഞ്ച് ഓവറുകളിൽ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതാണ് മത്സരഗതി മാറ്റിയത്. പിന്നീട് റിങ്കു സിംഗ് അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും ലക്നൗ സ്കോറിന് 4 റൺസ് അകലെ എത്താനെ ടീമിന് സാധിച്ചുള്ളു.


പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 90 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ക്വിന്റൺ ഡി കോക്കിനെ(15) നഷ്ടമായ ശേഷം സുനിൽ നരൈന്‍ – അജിങ്ക്യ രഹാനെ കൂട്ടുകെട്ട് ലക്നൗ ബൗളര്‍മാരെ നിലം തൊടീക്കാതെ അടിച്ച് പറത്തുകയായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ ദിഗ്വേഷ് രഥി സുനിൽ നരൈനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ കൊൽക്കത്തയ്ക്കായി രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 54 റൺസാണ് ചുരുങ്ങിയ പന്തുകളിൽ നേടിയത്. നരൈന്‍ 13 പന്തിൽ 30 റൺസ് നേടിയാണ് പുറത്തായത്.

വെങ്കിടേഷ് അയ്യരും രഹാനെയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 40 പന്തിൽ നിന്ന് 71 റൺസ് നേടിയപ്പോള്‍ കൊൽക്കത്ത 13 ഓവറിൽ 162/3 എന്ന നിലയിലായിരുന്നു. രഹാനെ 35 പന്തിൽ 61 റൺസ് നേടി പുറത്തായി. ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ ഓവറിൽ 5 വൈഡുകള്‍ ഉള്‍പ്പെടെ 11 പന്താണ് താരം എറിഞ്ഞത് എങ്കിലും അവസാന പന്തിൽ രഹാനെയുടെ നിര്‍ണ്ണായക വിക്കറ്റ് കിട്ടിയത് ടീമിന് തുണയായി.

പിന്നീട് തുടരെയുള്ള ഓവറുകളിൽ കൊൽക്കത്തയുടെ വിക്കറ്റുകള്‍ വീഴ്ത്തി ലക്നൗ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് കണ്ടത്. രമൺദീപ് സിംഗ്, അംഗ്കൃഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ആന്‍ഡ്രേ റസ്സൽ എന്നിവര്‍ ഓരോ ഓവറുകള്‍ ഇടവിട്ട് വീണപ്പോള്‍ കൊൽക്കത്ത 162/2 എന്ന നിലയിൽ നിന്ന് 185/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവസാന രണ്ടോവറിൽ വിജയിക്കുവാന്‍ 38 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് റിങ്കുവിന്റെ ബാറ്റിംഗ് പ്രതീക്ഷയായി മാറുകയായിരുന്നു. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ ആദ്യ രണ്ട് പന്തിൽ ഒരു സിക്സും ഫോറും നേടി റിങ്കു മികച്ച തുടക്കം നൽകിയെങ്കിലും അടുത്ത മൂന്ന് പന്തിൽ ബൗണ്ടറി നേടുവാന്‍ താരത്തിന് സാധിച്ചില്ല. അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസ് മാത്രം നേടാനെ കൊൽക്കത്തയ്ക്കായുള്ളു.

ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 24 റൺസായി മാറി. അവസാന ഓവറിൽ നിന്ന് റിങ്കു സിംഗും ഹര്‍ഷിത് റാണയും ചേര്‍ന്ന് 19 റൺസ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 23 പന്തിൽ നിന്ന് 49 റൺസ് നേടിയെങ്കിലും 4 റൺസ് വിജയം ലക്നൗ സ്വന്തമാക്കുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് കൊൽക്കത്ത നേടിയത്. റിങ്കു സിംഗ് 15 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.

ലക്നൗവിനായി ദിഗ്വേഷ് സിംഗ് രഥിയാണ് മികച്ച രീതിയൽ കണിശതയോടെ പന്തെറിഞ്ഞത്. താരം 33 റൺസ് വിട്ട് നൽകി ഒരു വിക്കറ്റ് നേടിയപ്പോള്‍ മറ്റ് ബൗളര്‍മാരിൽ ആകാശ് ദീപും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടിയെങ്കിലും യഥാക്രമം 55 റൺസും 52 റൺസുമാണ് 4 ഓവറിൽ വിട്ട് നൽകിയത്. അവേശ് ഖാനും രവി ബിഷ്ണോയിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

Exit mobile version