ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 237 റണ്‍സ്, ഓസ്ട്രേലിയയെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ഹൈദ്രാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമേ നേടാനായുള്ളു. ഉസ്മാന്‍ ഖവാജയും മാര്‍ക്കസ് സ്റ്റോയിനിസും ആരോണ്‍ ഫിഞ്ചിന്റെ നഷ്ടത്തിനു ശേഷം ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

ഖവാജ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് 37 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്സ്വെല്ലിനെയും(40) അരങ്ങേറ്റക്കാരന്‍ ആഷ്ടണ്‍ ടര്‍ണറെയും(21) മുഹമ്മദ് ഷമിയാണ് മടക്കിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 19 റണ്‍സ് നേടി കുല്‍ദീപ് യാദവിന്റെ രണ്ടാം വിക്കറ്റായി മാറി.

ഏഴാം വിക്കറ്റില്‍ ഒത്തുകൂടി 62 റണ്‍സ് നേടിയ അലക്സെ കാറെ-നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സഖ്യമാണ് ഓസ്ട്രേലിയയുടെ സ്കോര്‍ 236 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. കോള്‍ട്ടര്‍നൈല്‍ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ അലെക്സ് കാറെ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.