Picsart 24 09 19 16 12 54 367

എങ്ങനെ ബാറ്റു ചെയ്യണം എന്ന് കാണിച്ചു തന്ന് അശ്വിനും ജഡേജയും, ഇന്ത്യ മികച്ച നിലയിൽ

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം 339-6 എന്ന മികച്ച നിലയിൽ അവസാനിപ്പിച്ച് ഇന്ത്യ. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ജഡേജയും അശ്വിനും ചേർന്നാണ് ഇപ്പോൾ നല്ല സ്കോറിലേക്ക് എത്തിച്ചത്. അശ്വിൻ സെഞ്ച്വറി നേടിയപ്പോൾ ജഡേജ സെഞ്ച്വറിയോട് അടുത്തു കൊണ്ടിരിക്കുന്നു. ഇന്ത്യ ഒരു ഘട്ടത്തിൽ 144-6 എന്ന നിലയിൽ ആയിരുന്നു.

ഇപ്പോൾ അശ്വിൻ 102 റൺസുമായും ജഡേജ 86 റൺസുമായും ക്രീസിൽ നിൽക്കുന്നു. അശ്വിൻ 112 പന്തിൽ നിന്നാണ് 102 റൺസ് എടുത്തത്. 2 സിക്സും 10 ഫോറും അശ്വിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ജഡേജ 117 പന്തിൽ നിന്നാണ് 86 റൺസെടുത്തത്. 2 സിക്സും 10 ഫോറും ജഡേജ അടിച്ചു. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

നേരത്തെ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യക്ക് ആയി 56 റൺസ് എടുത്ത് തിളങ്ങിയിരുന്നു. പന്ത് 39 റൺസും എടുത്ത് പുറത്തായി. രോഹിത് (6), കോഹ്ലി (6), ഗിൽ (0), രാഹുൽ (16) എന്നിവരാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട മറ്റു വിക്കറ്റുകൾ.

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റും, നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version