ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര പുറത്തെടുത്ത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 536/4 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാലാണ് മൂന്നാം ദിവസം ആദ്യം പുറത്തായ താരം. 159/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 68 റണ്‍സ് നേടിയ മയാംഗിനെ നഷ്ടമായെങ്കിലും പൃഥ്വി ഷായും രവികുമാര്‍ സമര്‍ത്ഥും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

188 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് തന്റെ ഇരട്ട ശതകം നഷ്ടമായി. ഇതിനിടെ രവികുമാര്‍ തന്റെ ശതകം നേടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി കരുണ്‍ നായരും 6 റണ്‍സ് നേടി വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 286 റണ്‍സ് ലീഡാണ് സ്വന്തമാക്കാനായത്.

വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് രണ്ടും ചെമര്‍ ഹോള്‍ഡര്‍, ഡെവണ്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial