പാണ്ഡ്യയെയും രാഹുലിനെയും കളിപ്പിക്കണം: ബിസിസിഐ പ്രസിഡന്റ്

അന്വേഷണം നടക്കുന്നതിനിടെ വിവാദ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ഖന്നയുടെ ആവശ്യം. അന്വേഷണത്തിനു ശേഷം മാത്രം ശിക്ഷ നടപടി എടുത്താല്‍ മതിയെന്നും അത് വരെ ന്യൂസിലാണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം എത്തുവാന്‍ വേണ്ടത് എത്രയും വേഗം ചെയ്യണമെന്നാണ് ഖന്ന സിഒഎയ്ക്കും ബിസിസിഐ ഭാരവാഹികള്‍ക്കും കത്തെഴുതിയത്.

അവര് തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയായി അവരെ ഓസ്ട്രേലിയയില്‍ നിന്ന് മടക്കി വിളിച്ചു. കൂടാതെ അവര്‍ നിരുപാദികം മാപ്പും പറഞ്ഞു കഴിഞ്ഞു. അവരുടെ കരിയറുകള്‍ തുലാസ്സിലാക്കുന്ന നടപടികള്‍ ബിസിസിഐയില്‍ നിന്നുണ്ടാവരുതെന്നും സികെ ഖന്ന കത്തിലെഴുതി. ഖന്നയുടെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും എടുത്തത്.