വെടിക്കെട്ടുമായി ഫാബിയന്‍ അലെന്‍, വിജയം തുടര്‍ന്ന് വിന്‍ഡീസ് ബി ടീം

ഗ്ലോബല്‍ ടി20 കാനഡയിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്നലെ നടന്ന മത്സരത്തില്‍ എഡ്മോണ്ടന്‍ റോയല്‍സിനെയാണ് ടീം 3 വിക്കറ്റിനു പരാജയപ്പെടുത്തിയത്. 155 റണ്‍സിനു 19.4 ഓവറില്‍ റോയല്‍സിനെ പുറത്താക്കിയ ശേഷം ലക്ഷ്യം 18 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം നേടുകയായിരുന്നു.

30 പന്തില്‍ 75 റണ്‍സ് നേടിയ ഫാബിയന്‍ അലന്‍ ആണ് ടീമിന്റെ വിജയ ശില്പി. 4 ബൗണ്ടറിയും 8 സിക്സും സഹിതം താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. റോയല്‍സിനു വേണ്ടി ഹസന്‍ ഖാന്‍ മൂന്നും സൊഹൈല്‍ തന്‍വീര്‍, മുഹമ്മദ് ഇര്‍ഫാന്‍, വെയിന്‍ പാര്‍ണെല്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനു 19.4 ഓവറില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളു. 49 റണ്‍സ് നേടിയ കെവിന്‍ ഒ ബ്രൈന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 17 പന്തില്‍ 49 റണ്‍സ് നേടിയ കെവിന്‍ ആണ് റോയല്‍സ് ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്. ഒബെഡ് മക്കോയ് നാലും കാവെം ഹോഡ്ജ്, ഷെര്‍ഫേന്‍ റുഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ടും വീതം വിക്കറ്റ് വിജയികള്‍ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version